സമരേതിഹാസം അടയാളപ്പെടുത്തുന്ന ‘സ്പന്ദിക്കുന്ന സമരാങ്കണങ്ങൾ’

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രം വഴിമാറ്റിയ സമരേതിഹാസമാണ് പുന്നപ്ര–വയലാർ. തൊഴിലാളികള്‍ അവകാശങ്ങൾക്കുവേണ്ടി നടത്തിയ പോരാട്ടം ഭരണകൂടത്തെ വിറപ്പിച്ച ധീരഗാഥയായി. ചരിത്രത്തെ ചുവപ്പിച്ച പോരാട്ടത്തിന്റെ 80–ാം വാർഷികത്തിൽ ദേശാഭിമാനി പുറത്തിറക്കുന്ന സ്മരണികയാണ് ‘സ്പന്ദിക്കുന്ന സമരാങ്കണങ്ങൾ'.
പുന്നപ്ര, വയലാർ, കാട്ടൂർ, മാരാരിക്കുളം, മേനാശേരി, ഒളതല രക്തസാക്ഷികളുടെയും സമരസേനാനികളുടെയും സമാനതകളില്ലാത്ത പോരാട്ടത്തെ അടയാളപ്പെടുത്തുന്നതാണ് സ്മരണിക. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലും പുന്നപ്ര-–വയലാർ സമരത്തിലും ഉയർന്നുവന്ന ബഹുമുഖമായ തൊഴിലാളി മുന്നേറ്റങ്ങളും സമരം സംബന്ധിച്ച വീക്ഷണങ്ങളും സമരത്തിന്റെ സംഭാവനകളും വിശദമായി വിലിയിരുത്തുന്നതാണ് സ്പന്ദിക്കുന്ന സമരാങ്കണങ്ങൾ. ഒപ്പം ആലപ്പുഴയുടെ ചരിത്രവും സാംസ്കാരിക സവിശേഷതകളും പുസ്തകത്തിലുണ്ട്. ജില്ലയിലെ ആദികാല മനുഷ്യവാസംതൊട്ട് ഇന്നുവരെയുള്ള മുന്നേറ്റങ്ങളും ചരിത്രാനുഭവങ്ങളും വിശദീകരിക്കുന്നു.
പുന്നപ്ര– വയലാർ സമരചരിത്രം, രക്തസാക്ഷികൾ, ധീരേതിഹാസത്തിന് നേതൃത്വം നൽകിയവർ, വനിതാപോരാളികൾ, സമരത്തിന്റെ ആവശ്യങ്ങൾ, സമരത്തെ വഞ്ചിച്ച സ്റ്റേറ്റ് കോൺഗ്രസ് ഇടപെടൽ, ആലപ്പുഴ ജില്ലയുടെ രൂപീകരണം– ചരിത്രം– മനുഷ്യവാസത്തിന്റെ ആദ്യനാളുകൾ, നവോത്ഥാന പോരാട്ടങ്ങൾ, തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ചരിത്രം, ജില്ലയിലെ വനിതാ പ്രസ്ഥാനം, സഹകരണ പ്രസ്ഥാനം, നാടകങ്ങള്‍, സിനിമ, സാഹിത്യപാരമ്പര്യം, ഭക്ഷണപ്പെരുമ, ക്ഷേത്രകലകൾ തുടങ്ങിയവ വിശദമായി പുസ്തകത്തിലുണ്ട്. സിപിഐ എം നേതാക്കളായ എം വി ഗോവിന്ദൻ, ഡോ. ടി എം തോമസ് ഐസക്, സി എസ് സുജാത, പുത്തലത്ത് ദിനേശൻ, എം സ്വരാജ്, സജി ചെറിയാൻ എംഎൽഎ, ആർ നാസർ, പി പി ചിത്തരഞ്ജൻ എന്നിവർക്കുപുറമെ കെ വി മോഹൻകുമാർ, ഏഴാച്ചേരി രാമചന്ദ്രൻ, വയലാർ ശരച്ചന്ദ്ര വർമ, കെ വി സുധാകരൻ തുടങ്ങിയവരാണ് ലേഖകർ.
ചൊവ്വാഴ്ച വാരാചരണത്തിന് സമാപനംകുറിച്ച് വയലാറിൽ ചേരുന്ന പൊതുസമ്മേളനവേദിയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ പ്രകാശിപ്പിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആദ്യപ്രതി ഏറ്റുവാങ്ങും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പങ്കെടുക്കും.








0 comments