Deshabhimani

ബലാത്സംഗക്കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; സംഭവം തെളിവെടുപ്പിനിടെ

RAPE MURDER CASE

പെൺകുട്ടിയുടെ ബന്ധു കൂടിയായ പ്രഹ്ലാദ് ദാസാണ് ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനിടെ കൊല്ലപ്പെട്ടത്

വെബ് ഡെസ്ക്

Published on Oct 27, 2026, 01:09 PM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗായ്ഘട്ടയിൽ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പെൺകുട്ടിയുടെ ബന്ധു കൂടിയായ പ്രഹ്ലാദ് ദാസാണ് ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനിടെ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു.


കഴിഞ്ഞ ശനിയാഴ്ച രാത്രി ഗായ്ഘട്ടയിൽ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയ പ്ലസ് വൺ വിദ്യാർഥിനിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അയൽവാസിയുടെ വീടിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രഹ്ലാദ് ദാസിനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.


ചൊവ്വാഴ്ച തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം. സബ് ഇൻസ്പെക്ടറുടെ സർവീസ് റിവോൾവർ തട്ടിയെടുത്ത പ്രതി പൊലീസിന് നേരെ മൂന്ന് തവണ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് ആരോപണം. തുടർന്ന് സമീപത്തെ കുളത്തിലേക്ക് ചാടിയ പ്രതിക്കുനേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ പ്രതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവെപ്പിൽ പൊലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.


കഴിഞ്ഞ മൂന്ന് മാസത്തിനിടെ പശ്ചിമ ബംഗാളിൽ നടക്കുന്ന രണ്ടാമത്തെ പൊലീസ് ഏറ്റുമുട്ടലാണിത്. ജൂലൈയിൽ ബാരുഇപൂരിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home