Deshabhimani

മറക്കല്ലേ, മരണം പിൻസീറ്റിലുണ്ട്; കാർട്ടൂൺ ക്യാൻവാസിലെ ജീവന്റെ വില

cartoon
വെബ് ഡെസ്ക്

Published on Oct 27, 2026, 12:59 PM | 2 min read

എറണാകുളം: 'എൻ വഴി തനി വഴി' എന്ന് പറയുന്ന സൂപ്പർതാരം ആണെങ്കിലും സീബ്രലൈനിൽ കൂടി നടന്നുപോകുന്ന രജനികാന്ത്, ഹെയർ സ്റ്റൈൽ കേടാകാതിരിക്കാൻ ഹെൽമറ്റ് വെക്കാതെ ബൈക്കിൽ പറക്കുന്ന പയ്യന്റെ പിൻസീറ്റിൽ ഇരിക്കുന്ന മരണം... ദിവസേന വർധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ, വിദ്യാർത്ഥികൾ വരച്ച കാർട്ടൂണുകളിൽ ഇതുപോലെയുള്ള വൈവിധ്യമുള്ള നിരവധി ആശയങ്ങളാണ് ഉയർന്നുവന്നത്.


കേരള കാർട്ടൂൺ അക്കാദമിയും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും (എയ്മ) ചേർന്ന് സ്കൂൾ, കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്കായാണ് ഈ ട്രാഫിക് ബോധവൽക്കരണ കാർട്ടൂൺ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ സമ്മാനാർഹമായ കാർട്ടൂണുകളിലെ പ്രമേയങ്ങളായിരുന്നു ഇവ.


മത്സരത്തിൽ വിജയികളായവർക്ക് കഴിഞ്ഞദിവസം പുരസ്കാരങ്ങൾ സമ്മാനിച്ചു. ജൂനിയർ വിഭാഗത്തിൽ അശ്വതി റാം എം പി (കണ്ണൂർ - ഒന്നാം സ്ഥാനം), നിവേദ് വി മേനോൻ (എറണാകുളം - രണ്ടാം സ്ഥാനം), അബിൻ സുരേഷ് (ആലപ്പുഴ - മൂന്നാം സ്ഥാനം) എന്നിവരും സീനിയർ വിഭാഗത്തിൽ ഇഷാൻ ഗോകുൽ (എറണാകുളം - ഒന്നാം സ്ഥാനം), പ്രണതി നാഗേഷ് (എറണാകുളം - രണ്ടാം സ്ഥാനം), ആൻ പ്രിയ ഐ ടി (എറണാകുളം - മൂന്നാം സ്ഥാനം) എന്നിവരും വിജയികളായി.


ഇരു വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപയും പ്രശസ്തിപത്രവും പുസ്തകങ്ങളും, രണ്ടാം സ്ഥാനം നേടിയവർക്ക് 7,500 രൂപയും പ്രശസ്തിപത്രവും പുസ്തകങ്ങളും, മൂന്നാം സ്ഥാനം നേടിയവർക്ക് 5,000 രൂപയും പ്രശസ്തിപത്രവും പുസ്തകങ്ങളുമാണ് സമ്മാനമായി നൽകിയത്.


എറണാകുളം കലൂർ ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സമൂഹത്തിൽ ബോധവൽക്കരണം നടത്തുന്നതിന് കാർട്ടൂൺ ശക്തമായ ഒരു മാധ്യമമാണെന്നും, ഇവയുടെ പ്രോത്സാഹനത്തിനായി ഭാവിയിലും എയ്മ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. എയ്മ ദേശീയ ജനറൽ സെക്രട്ടറി കെ ആർ മനോജ്, കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ അനൂപ് രാധാകൃഷ്ണൻ, ട്രഷറർ സജ്ജീവ് ബാലകൃഷ്ണൻ, ജൂറി അംഗങ്ങളായ കാർട്ടൂണിസ്റ്റ് കെ ഉണ്ണികൃഷ്ണൻ, ബിനുരാജ് കലാപീഠം, മീനു എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home