യാത്രാനിരക്കിനെച്ചൊല്ലി തർക്കം; ഊബർ ഡ്രൈവർ വധഭീഷണി മുഴക്കിയെന്ന് യുവതിയുടെ പരാതി

പ്രതീകാത്മക ചിത്രം
ഗുഡ്ഗാവ്: യാത്രാനിരക്കിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഊബർ ഡ്രൈവർ ശാരീരികമായി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന് യുവതിയുടെ പരാതി. ഡൽഹി വിമാനത്താവളത്തിൽനിന്ന് ഗുഡ്ഗാവിലേക്ക് യാത്ര ചെയ്ത തനിഷ ശർമയാണ് സമൂഹമാധ്യമത്തിലൂടെ ദുരനുഭവം പങ്കുവെച്ചത്. പുലർച്ചെ 4.45ഓടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്.
ഊബർ ആപ്പിൽ യാത്രാനിരക്കായി 625 രൂപയാണ് കാണിച്ചിരുന്നതെന്നും എന്നാൽ യാത്ര അവസാനിച്ചപ്പോൾ ആപ്പിൽ 1,479 രൂപ കാണിക്കുന്ന സ്ക്രീൻഷോട്ട് കാട്ടി ഡ്രൈവർ കൂടുതൽ പണം ആവശ്യപ്പെട്ടെന്നുമാണ് യുവതിയുടെ ആരോപണം. ആപ്പിൽ കാണിച്ച തുക നൽകിയതോടെ തർക്കം രൂക്ഷമായെന്നും സാധനങ്ങൾ എടുക്കാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ കൈയിൽ പിടിക്കുകയും ജനൽ അടയ്ക്കുകയും ചെയ്തെന്നും അവർ പറഞ്ഞു.
തുടർന്ന് വീട്ടിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ പിന്നാലെയെത്തി ഗേറ്റ് ബലമായി തുറന്ന് അധിക്ഷേപിക്കുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്തെന്നാണ് പരാതി. വീട്ടിനുള്ളിൽ കയറി വാതിൽ പൂട്ടിയിട്ടും ഡ്രൈവർ ഗേറ്റ് കയറാൻ ശ്രമിച്ചെന്നും തനിഷ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് ഊബറിന്റെ സുരക്ഷാ വിഭാഗത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആപ്പിൽ അതിനുള്ള ഓപ്ഷൻ ലഭിച്ചില്ലെന്നും യുവതി പറഞ്ഞു. പരാതിയിൽ അന്വേഷണം നടത്തണമെന്നും യാത്രയുടെയും ഡ്രൈവറുടെയും രേഖകൾ സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
തനിഷയുടെ കുറിപ്പിന് ഊബർ ഇന്ത്യ സപ്പോർട്ട് മറുപടി നൽകിയിട്ടുണ്ട്. പരാതി പരിഗണിച്ച് നേരിട്ടുള്ള സന്ദേശത്തിലൂടെ പ്രതികരിച്ചെന്നാണ് കമ്പനി അറിയിച്ചത്. എന്നാൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസിന്റെ നടപടിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായ റിപ്പോർട്ടിൽ വ്യക്തമല്ല.









0 comments