യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരം: എല്ലാ സ്ഥിരാംഗങ്ങൾക്കും തുല്യ വീറ്റോ അധികാരം വേണമെന്ന് ഇന്ത്യ

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി
ന്യൂയോർക്ക്: യുഎൻ സുരക്ഷാ കൗൺസിലിലെ എല്ലാ സ്ഥിരാംഗങ്ങൾക്കും തുല്യ വീറ്റോ അധികാരം നൽകണമെന്ന് ഇന്ത്യ. വീറ്റോ അധികാരമില്ലാത്ത പുതിയ സ്ഥിരാംഗ വിഭാഗം സൃഷ്ടിക്കുന്നത് അവരെ ‘രണ്ടാംതരം അംഗങ്ങളാക്കി’ മാറ്റുമെന്നും നിലവിലുള്ള അഞ്ച് സ്ഥിരാംഗങ്ങളുടെ ആധിപത്യം തുടരാൻ ഇടയാക്കുമെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനി വ്യക്തമാക്കി.
ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, അമേരിക്ക എന്നിവയാണ് നിലവിലെ അഞ്ച് സ്ഥിരാംഗങ്ങൾ. സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളുടെയും താൽക്കാലിക അംഗങ്ങളുടെയും എണ്ണം വർധിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 1965-ൽ താൽക്കാലിക അംഗങ്ങളുടെ എണ്ണം ആറിനിന്ന് പത്തായി വർധിപ്പിച്ചെങ്കിലും സ്ഥിരാംഗങ്ങളുടെ എണ്ണം അഞ്ചായി തുടർന്നത് നിലവിലെ അധികാര അസമത്വം കൂടുതൽ ശക്തിപ്പെടുത്തിയെന്ന് പർവതനേനി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളിൽ വീറ്റോ അധികാരം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണമെന്നും ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾക്കായി അത് വിനിയോഗിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സുരക്ഷാ കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ സമവായത്തിന്റെ പേരിൽ ഒറ്റ അംഗത്തിന് തീരുമാനങ്ങൾ തടയാൻ കഴിയുന്ന സാഹചര്യവും പരിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
1945-ൽ രൂപീകരിച്ച സുരക്ഷാ കൗൺസിൽ ഇന്നത്തെ ഭൗമരാഷ്ട്രീയ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. വ്യക്തമായ സമയപരിധികളോടെ പരിഷ്കാര ചർച്ചകൾ ആരംഭിക്കണമെന്നും കൗൺസിലിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ സമഗ്രമായ മാറ്റങ്ങൾ ആവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കി.








0 comments