ഐടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടൽ: ജോലി നഷ്ടപ്പെടുന്നത് ലോകവ്യാപകമായി സംഭവിക്കുന്നത്: നിസാരവത്കരിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഐടി കമ്പനികളിൽ നടക്കുന്ന അശാസ്ത്രീയമായ കൂട്ടപ്പിരിച്ചുവിടലുകളിൽ ന്യായീകരണവുമായി വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സാങ്കേതികവിദ്യ മാറുമ്പോൾ ജോലി നഷ്ടപ്പെടുന്നത് ലോകവ്യാപകമായി സംഭവിക്കുന്നതാണെന്നും, ജോലി പോയാൽ തൊഴിലാളികൾ മറ്റ് മേഖലകളിൽ ജോലി തേടിപ്പോകണമെന്നുമാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്.
ലേബർ കോഡിന്റെ മറവിൽ കമ്പനികൾ നോട്ടീസ് പോലും നൽകാതെ 600ലേറെ തൊഴിലാളികളെ പുറത്താക്കിയ ഗുരുതര സാഹചര്യത്തിലാണ് യുഡിഎഫ് സർക്കാരിന്റെ ഈ ഉത്തരവാദിത്തമില്ലാത്ത സമീപനം. സാങ്കേതിക മാറ്റങ്ങളുടെ പേരുപറഞ്ഞ് തൊഴിലാളികളെ തെരുവിലേക്ക് തള്ളിയിടുമ്പോൾ അവർക്ക് സംരക്ഷണമൊരുക്കേണ്ട സർക്കാർ, പകരം ബദൽ മാർഗങ്ങൾ സ്വന്തമായി കണ്ടെത്താൻ പറഞ്ഞ് കൈകഴുകുകയാണ്.
സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം കേന്ദ്രത്തിന്റെ കോർപ്പറേറ്റ് അനുകൂല ലേബർ കോഡിന് കുടപിടിക്കുന്ന നിലപാടാണ് മന്ത്രിയുടേത്. തൊഴിലാളി വിരുദ്ധ നയങ്ങൾ കാരണം ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനോ കമ്പനികളുടെ തന്നിഷ്ടത്തിനെതിരെ നിയമനടപടി സ്വീകരിക്കാനോ തയ്യാറാകാതെ, സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെക്കാനാണ് മന്ത്രി വിചിത്ര വാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.








0 comments