പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി മൂലം ദുരിതത്തിലായ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിൽ. ഇന്ന് രാവിലെ 10 മണി മുതലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ബസുടമകൾ നിരാഹാര സമരം ആരംഭിച്ചത്. സർക്കാരിന്റെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് ബസുടമകൾ പറഞ്ഞു. ഓരോ ദിവസവും രണ്ട് പേര് വെച്ച് നിരാഹാരമിരിക്കും.
മിനിമം ബസ് ചാർജ് 20 രൂപയായി വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക, പ്രിയദർശിനി പദ്ധതി മൂലം ദുരിതത്തിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവയ്ക്കുന്നത്.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ഡീസൽ ചെലവിനും ജീവനക്കാരുടെ വേതനത്തിനും ആവശ്യമായ വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്. ഇതുമൂലം ബസ് സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ നേരിൽക്കണ്ട് പരാതി അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നാണ് ബസുടമകളുടെ ആരോപണം. ഇതേത്തുടർന്നാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്.
ആവശ്യങ്ങൾ ഉന്നയിച്ച് നേരത്തേ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത് . സമരത്തിലൂടെയും പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.








0 comments