ad
Deshabhimani

ഒരു മില്യണിലധികം പുസ്തകങ്ങൾ; ലോകത്തിലെ ഏറ്റവും വലിയ വിൽപ്പനമേള ‘ബിഗ് ബാഡ് വുൾഫ് 2026’ ദുബായിൽ തുടങ്ങി

big book fest
വെബ് ഡെസ്ക്

Published on Mar 02, 2026, 02:15 PM | 1 min read

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പനമേളയായ ബിഗ് ബാഡ് വുൾഫ് ബുക്സ് 2026 പതിപ്പിന് ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജ് പ്രദർശന കേന്ദ്രത്തിൽ തുടക്കമായി. ഫെബ്രുവരി 26 മുതൽ മാർച്ച് 8 വരെ പത്ത് ദിവസം നീളുന്ന മേള ഷാർജ ബുക്ക് അതോറിറ്റിയും ദുബായ് കലാ–സാംസ്കാരിക അതോറിറ്റിയും സഹകരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു മില്യണിലധികം പുസ്തകങ്ങൾ ഒരൊറ്റ കുടക്കീഴിൽ വായനക്കാർക്ക് മുന്നിലെത്തിക്കുന്ന മേളയിൽ 95 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കിൽ പുസ്തകങ്ങൾ ലഭ്യമാകുന്നു. പ്രവേശനം സൗജന്യമാണ്.


എല്ലാവർക്കും വായനശീലമുണ്ടാക്കുക, പുസ്തകങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക, ഓരോ വ്യക്തിയുടെയും കൈകളിലെത്തിക്കുക എന്നിവയാണ് മേളയുടെ അടിസ്ഥാന ലക്ഷ്യമെന്ന് സ്ഥാപകൻ ആൻഡ്രൂ യാപ് ഉദ്ഘാടന വേളയിൽ വ്യക്തമാക്കി. എല്ലാ സാഹിത്യശാഖകളിലെയും വൈവിധ്യമാർന്ന പുസ്തകങ്ങൾ പ്രദർശന ഹാളിൽ സജ്ജീകരിച്ചിരിക്കുന്നു. ബാലസാഹിത്യം, പാചകം, വിദ്യാഭ്യാസം, മാനേജ്‌മെന്റ്, വ്യക്തിത്വ വികസനം, പ്രചോദനാത്മക ഗ്രന്ഥങ്ങൾ, കല, സംസ്കാരം തുടങ്ങിയ മേഖലകളിലെ പുസ്തകങ്ങളും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കൃതികളും മേളയിൽ ലഭ്യമാണ്. .


“ബിയോണ്ട് ദ് നോയിസ്” എന്ന ആശയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ ഉപഭോഗം വർധിച്ച ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യത്തിൽ അർത്ഥപൂർണമായ വായനയിലേക്കുള്ള മടങ്ങിവരവിന്റെ സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് ആൻഡ്രൂ യാപ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതിനായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എല്ലാ ഇംഗ്ലീഷ് ഭാഷാ പുസ്തകങ്ങൾക്കും അഞ്ച് ശതമാനം അധിക വിലക്കുറവ് ലഭിക്കും. കുറഞ്ഞ ചെലവിൽ വീടുകളിലും സ്ഥാപനങ്ങളിലും ഗ്രന്ഥശാലകൾ സജ്ജമാക്കുന്നതിനും പഠന സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും മേള പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.


രാവിലെ 10 മുതൽ പുലർച്ചെ 2 വരെയാണ് മേള. സന്ദർശകർക്ക് ഇഫ്താർ നിർവഹിക്കാനായി വിവിധ രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങളുമായി ഭക്ഷണവാഹനങ്ങളും വിശാലമായ പ്രാർത്ഥനാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home