ad
Deshabhimani

ലൈസൻസില്ലാതെ ഓൺലൈനിൽ മതവിധി; 2 ലക്ഷം ദിർഹംവരെ പിഴ പ്രഖ്യാപിച്ച്‌ യുഎഇ ഫത്‌വ കൗൺസിൽ

COURT

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jul 26, 2026, 04:37 PM | 1 min read

ദുബായ് : ലൈസൻസോ ഔദ്യോഗിക അനുമതിയോ ഇല്ലാതെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും മതവിധികൾ (ഫത്‌വ) പ്രസ്താവിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി യുഎഇ ഫത്‌വ കൗൺസിൽ. നിയമലംഘനം നടത്തിയ നിരവധി ഓൺലൈൻ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയതായി കൗൺസിൽ അറിയിച്ചു. ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ ഫത്‌വ പുറപ്പെടുവിക്കുന്നവർക്ക് രണ്ട് ലക്ഷം ദിർഹംവരെ പിഴ ചുമത്താം. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പിഴ ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.


സാമൂഹികമാധ്യമങ്ങൾ, ഇലക്ട്രോണിക്, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലൂടെ ഫത്‌വ നൽകാൻ ഫത്‌വ കൗൺസിലിന്റെയോ ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെയോ അനുമതി നിർബന്ധമാണെന്ന് കൗൺസിൽ വ്യക്തമാക്കി. മതവിഭാഗങ്ങൾ തമ്മിൽ ഭിന്നതയും അസഹിഷ്ണുതയും വളർത്തുന്ന തരത്തിലുള്ള ഫത്‌വകൾ പ്രസിദ്ധീകരിക്കുന്നതും കൗൺസിൽ പുറപ്പെടുവിച്ച ഫത്‌വകളെ പരസ്യമായി ചോദ്യം ചെയ്യുകയോ അവയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


നിയമലംഘനം നടത്തിയ അക്കൗണ്ടുകളുടെ എണ്ണം, അവർ നൽകിയിരുന്ന മതവിധികളുടെ സ്വഭാവം എന്നിവ കൗൺസിൽ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിയമവിരുദ്ധമായി ഫത്‌വ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും വെബ്‌സൈറ്റുകൾ തടയാനും ബന്ധപ്പെട്ട അധികാരികൾക്ക് നടപടിയെടുക്കാനാകുമെന്ന് അറിയിച്ചു. ഫത്‌വ സംവിധാനത്തിന്റെ വിശ്വാസ്യതയും നിയന്ത്രണവും ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ ഔദ്യോഗിക മതഅധികാര സംവിധാനത്തെ സംരക്ഷിക്കുന്നതിനുമായി പരിശോധനകളും നിയമനടപടികളും തുടരുമെന്ന് കൗൺസിൽ വ്യക്തമാക്കി.


ആരാധനാക്രമങ്ങൾ, കുടുംബകാര്യങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ മതപരമായ മാർഗനിർദേശം തേടുന്നവർ യുഎഇ ഫത്‌വ കൗൺസിലിന്റെ ഔദ്യോഗിക സേവനങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് അധികൃതർ നിർദേശിച്ചു. ഓൺലൈൻ, ഫോൺ, നേരിട്ടുള്ള കൂടിക്കാഴ്ച, പള്ളികളിലെ തത്സമയ ഫത്‌വ സെഷനുകൾ എന്നിവ ഉൾപ്പെടെ വിവിധ സേവനങ്ങൾ കൗൺസിൽ ലഭ്യമാക്കുന്നുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home