പ്രവാസികളോടുള്ള സഹിഷ്ണുത: ഒമാൻകാർക്ക് ഏറെയെന്ന് റിപ്പോർട്ട്

മസ്‌കത്ത്: ഒമാൻകാർക്ക് രാജ്യത്തെ പ്രവാസികളോട് സഹിഷ്ണുത ഏറെയെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ 90.7 ശതമാനം പ്രവാസികളും ഒമാനി സമൂഹം തങ്ങളോട് സഹിഷ്ണുത പുലർത്തുന്നതായി വിശ്വസിക്കുന്നതായും റിപ്പോർട്ടിലുണ്ട്. 95.6 ശതമാനം പ്രവാസികളും ഒമാനികളിൽനിന്ന് വിവേചനമോ, ദുരുപയോഗമോ നേരിട്ടിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാംസ്‌കാരിക വ്യത്യാസങ്ങൾക്കിടയിലും ഒമാനികളിൽനിന്ന് സ്വീകാര്യതയുണ്ടെന്ന് 90.4 ശതമാനം പ്രവാസികളും പറഞ്ഞു. റഫറൻസ് കാലയളവിൽ ഇത് 92 ശതമാനമായിരുന്നു. ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിക്കാനുള്ള പ്രവാസികളുടെ സ്വാതന്ത്ര്യബോധം 2025-ൽ 86.7 ശതമാനത്തിലെത്തി. മുൻ വർഷത്തെ 86.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ വളർച്ചയുണ്ട്.
സഹിഷ്ണുത എന്നത് വ്യക്തികൾക്കും സമൂഹങ്ങൾക്കും ഇടയിൽ സമാധാനപരമായ സഹവർത്തിത്വവും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കുന്ന അടിസ്ഥാന മാനുഷിക മൂല്യമാണെന്ന് കേന്ദ്രം അറിയിച്ചു. യോജിപ്പും സമൃദ്ധവുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണിത്. ഒമാൻ വിഷൻ 2040ലൂടെ കൈവരിക്കാൻ ആഗ്രഹിക്കുന്ന തന്ത്രപരമായ ലക്ഷ്യങ്ങളുടെ അനിവാര്യ ഭാഗമാണിത്. 2024 ഏപ്രിൽ ഒന്നുമുതൽ എട്ടുവരെയും 2025 ജനുവരി 13 മുതൽ 23 വരെയുംഎന്ന നിലയിൽ രണ്ട് ഘട്ടത്തിലായാണ് സർവേ നടത്തിയത്.









0 comments