Deshabhimani

ട്രെയിൻ നേരത്തെ പുറപ്പെട്ടു: റെയിൽവേയും IRCTCയും നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

train diwali
വെബ് ഡെസ്ക്

Published on Nov 07, 2026, 10:58 AM | 1 min read

ന്യൂഡല്‍ഹി: ട്രെയിൻ 2 മണിക്കൂർ നേരത്തെ പുറപ്പെട്ടതിനെത്തുടർന്ന് യാത്ര മുടങ്ങിയ യാത്രക്കാരന് ടിക്കറ്റ് തുകയായ 10,620 രൂപയും 5,000 രൂപ നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്. റെയിൽവേയോടും IRCTCയോടും ഫിറോസ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.


ഗോവയിലെ മഡ്ഗാവിൽ നിന്ന് ഡൽഹി ഹസ്രത്ത് നിസാമുദ്ദീനിലേക്ക് 2024 ജൂൺ 10ന് യാത്ര ചെയ്യാൻ കുടുംബത്തോടൊപ്പം ടിക്കറ്റെടുത്ത യാത്രക്കാരനാണ് പരാതി നൽകിയത്. സമയം തെറ്റാതെ സ്റ്റേഷനിലെത്തിയെങ്കിലും ട്രെയിൻ 2 മണിക്കൂർ നേരത്തെ പുറപ്പെട്ടുപോയിരുന്നു. സമയം മാറിയ വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാരൻ ആരോപിച്ചു. തുടർന്ന് ഡൽഹിയിലെത്താൻ വിമാന ടിക്കറ്റ് എടുക്കേണ്ടി വന്നു.


ജൂൺ 10 മുതൽ മൺസൂൺ സമയക്രമമാണ് നിലവിലുള്ളതെന്നും, യാത്രക്കാരാണ് സമയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതെന്നും റെയിൽവേ വാദിച്ചു. ടിക്കറ്റ് ബുക്കിംഗ് മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ട്രെയിൻ സമയമാറ്റത്തിൽ ഉത്തരവാദിത്തമില്ലെന്നും IRCTC അറിയിച്ചു.


തീവണ്ടിയുടെ സമയക്രമത്തിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കാത്തത് സേവനത്തിലെ വീഴ്ചയാണ്. സീസണൽ സമയക്രമം യാത്രക്കാർ പരിശോധിക്കണമെന്ന് വെറുതെ പറയുന്നതിൽ കാര്യമില്ല. മാറ്റങ്ങൾ കൃത്യമായി ആശയവിനിമയം നടത്താൻ റെയിൽവേ ബാധ്യസ്ഥരാണ്. യാത്രക്കാർക്ക് ഗുണനിലവാരമുള്ള സേവനം ലഭിക്കാൻ അവകാശമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.



സമാനമായ ഉപഭോക്തൃ പരാതികൾക്ക് ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ നമ്പറായ 1915-ൽ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home