ശമ്പളത്തട്ടിപ്പ് തടയാൻ കുവൈത്ത് സെൻട്രൽ ബാങ്ക്; 6 മാസത്തെ ബാങ്ക് ഇടപാട് പരിശോധിക്കും

കുവൈത്ത് സിറ്റി : തൊഴിലാളികളുടെ ശമ്പളം നിർബന്ധിച്ച് തിരികെ വാങ്ങുന്നതും വ്യാജ ശമ്പളവിതരണവും തടയാൻ ബാങ്കുകൾക്ക് കർശന നിർദേശങ്ങളുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. സംശയസൂചനകൾ കണ്ടെത്തിയാൽ ജീവനക്കാരുടെ ആറുമാസത്തെ ബാങ്ക് ഇടപാടുകൾ പരിശോധിക്കണം. പുതിയ നടപടികൾ ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വരുമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ, മാസം 300 ദിനാറോ അതിൽ താഴെയോ ശമ്പളം ലഭിക്കുന്നവരുടെ അക്കൗണ്ടുകളിൽനിന്ന് 25 ദിനാറോ അതിലധികമോ പിൻവലിക്കാനും കൈമാറാനും പണമടയ്ക്കാനും രണ്ട് ഘട്ടങ്ങളിലായി തിരിച്ചറിയൽ പരിശോധന നടത്തണം. ശമ്പളം അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് അധിക പരിശോധന ആവശ്യമില്ല. ഓരോ ഇടപാടിനും ജീവനക്കാരന്റെ തിരിച്ചറിയലും സമ്മതവും ഉറപ്പാക്കണം. ബാങ്കിങ് ആപ്പിൽ പ്രവേശിക്കുമ്പോഴുള്ള പരിശോധന മാത്രം മതിയാകില്ല.
ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ബാങ്കുകൾ നേരിട്ട് സ്ഥിരീകരിക്കണം. സ്‌മാർട്ട് ഫോൺ ഇല്ലാത്തവർക്ക് സുരക്ഷിതമായ ബദൽ സംവിധാനവും ഒരുക്കണം. കഴിഞ്ഞ മൂന്ന് ശമ്പളവിതരണങ്ങളിൽ രണ്ടിലെങ്കിലും ശമ്പളം ലഭിച്ച് 72 മണിക്കൂറിനുള്ളിൽ 80 ശതമാനമോ അതിലധികമോ തുക പിൻവലിക്കുകയോ കൈമാറുകയോ ചെയ്യുന്നത് സംശയസൂചനയായി പരിഗണിക്കും.
ഇതേ സമയപരിധിയിൽ ശമ്പളത്തിന്റെ 50 ശതമാനമോ അതിലധികമോ തൊഴിലുടമയ്‌ക്കോ ബന്ധപ്പെട്ടവർക്കോ കൈമാറുന്നതും പരിശോധിക്കും. തൊഴിലാളികളുടെ ബാങ്ക് കാർഡുകളോ പിൻ നമ്പറുകളോ തൊഴിലുടമ കൈവശം സൂക്ഷിക്കുന്നതും നിരീക്ഷണവിധേയമാകും.
സംശയകരമായ ഇടപാടുകൾക്ക് തൊഴിലുടമയുമായി ബന്ധമുണ്ടോയെന്നും ബാങ്കുകൾ അന്വേഷിക്കണം.
25 ദിനാറിൽ താഴെയുള്ള സംശയകരമായ ഇടപാടുകളും പരിശോധനയിൽ ഉൾപ്പെടും. അതേസമയം, സംശയത്തിന്റെ പേരിൽ മാത്രം ശമ്പളനിക്ഷേപം വൈകിപ്പിക്കാനോ ജീവനക്കാർ സ്വന്തം പണം ഉപയോഗിക്കുന്നത് തടയാനോ പാടില്ല. ശമ്പളം മുഴുവനായി പണമായി പിൻവലിക്കുന്നതുമാത്രം ക്രമക്കേടിന്റെ തെളിവായി കണക്കാക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.








0 comments