ഹജ്ജ് തീർഥാടകർക്ക് മുന്നറിയിപ്പ്; 2 വാക്‌സിൻ നിർബന്ധം

മസ്‌കത്ത് : ഇത്തവണത്തെ ഹജ്ജ് തീർഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. ഒമാനി പൗരന്മാരും വിദേശികളും യാത്രയ്‌ക്കുമുമ്പ് നിർബന്ധമായും രണ്ട് വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫ്ലുവൻസ വാക്‌സിനുകളാണ് സ്വീകരിക്കേണ്ടത്. 1448 ഹിജ്‌റ വർഷത്തെ ഹജ്ജിന് മതകാര്യ മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് പരിശോധന നടപടികളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് നിർദേശം ബാധകം.
ഓരോ ഗവർണറേറ്റിലും മന്ത്രാലയം നിർദേശിച്ച ആരോഗ്യ കേന്ദ്രങ്ങളിലെത്തി തീർഥാടകർ വാക്‌സിനുകൾ സ്വീകരിക്കണം. ഹജ്ജ്, ഉംറ തീർഥാടകരായ രണ്ടുമാസം പ്രായംമുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും മെനിഞ്ചൈറ്റിസ് വാക്‌സിൻ നിർബന്ധമാണ്. ഒരു ഡോസ് സ്വീകരിച്ചാൽ അഞ്ചുവർഷത്തേക്ക് പ്രതിരോധശേഷി ലഭിക്കും.
കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് വീണ്ടും എടുക്കേണ്ടതില്ല. ഇവർ വാക്‌സിനേഷൻ തെളിയിക്കുന്ന രേഖ ഹാജരാക്കണം. ആറുമാസം പ്രായംമുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും സീസണൽ ഇൻഫ്ലുവൻസ വാക്‌സിനും നിർബന്ധമാണ്.
പനി ബാധിക്കുന്നതിനും തുടർന്നുണ്ടാകാവുന്ന സങ്കീർണതകൾക്കും എതിരെ സംരക്ഷണം ഉറപ്പാക്കാൻ വർഷംതോറും ഈ വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം ശുപാർശ ചെയ്തു. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും രണ്ട് വാക്‌സിനുകളും സ്വീകരിക്കണം. തീർഥാടനത്തിനിടെ രോഗവ്യാപന സാധ്യത കുറയ്ക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമാണ് മുൻകൂർ വാക്‌സിനേഷൻ നിർബന്ധമാക്കിയതെന്നും മന്ത്രാലയം അറിയിച്ചു.







0 comments