സോളാർ പാനലിലെ തകരാർ കണ്ടെത്തൽ: ഡ്രോൺ സംവിധാനം വികസിപ്പിച്ച് ഒമാനി വിദ്യാർഥികൾ

മസ്‌കത്ത്: സോളാർ പാനലിലെ തകരാർ കണ്ടെത്തുന്നതിനും സൗരോർജ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി ഡ്രോൺ അധിഷ്ഠിത സംവിധാനം വികസിപ്പിച്ച് ഒമാനി വിദ്യാർഥികൾ. പാരിസ്ഥിതികവും വൈദ്യുതി സംബന്ധവും യാന്ത്രികവുമായ സമ്മർദം മൂലമുണ്ടാകുന്ന തകരാർ ഡീപ് ലേണിങ് അൽഗോരിതങ്ങൾ സംയോജിപ്പിച്ച് തെർമൽ ഇമേജിങ് മുഖേനയാണ് തിരിച്ചറിയുന്നത്. ഷിനാസിലെ ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസ് യൂണിവേഴ്‌സിറ്റിയിലെ (യുടിഎഎസ്) ഫാത്തിമ മുഹമ്മദ് അൽ മാമാരിയുടെ നേതൃത്വത്തിലാണ് വിദ്യാർഥികളാണ് സംവിധാനം വികസിപ്പിച്ചത്. നിരവധി ശാസ്ത്ര സമ്മേളനങ്ങളിലും പ്രദർശനങ്ങളിലും അംഗീകരിക്കപ്പെടുകയും സമ്മാനാർഹമായിത്തീരുകയും ചെയ്തിട്ടുണ്ട് ഡ്രോൺ സംവിധാനം.
സോളാർ പാനലുകൾ സ്കാൻ ചെയ്യാൻ തെർമൽ ക്യാമറയും കേടുപാടുകൾ വിശകലനം ചെയ്യാൻ നിർമിതബുദ്ധിയും സംവിധാനത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. ഓഗ്‌മെന്റഡ് റിയാലിറ്റി, ത്രീഡി മോഡലിങ് പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കാലികമായ നവീകരണം വരുത്തിയിട്ടുണ്ടെന്നും ടീം അംഗമായ സഹ്‌റ ബിൻത് സാലിഹ് അൽ സനാനി പറഞ്ഞു. എനർജി, ഐഇഇഇ എക്സ്പ്ലോർ തുടങ്ങിയ അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളിൽ പ്രോജക്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമാൻ സയൻസ് ഫെസ്റ്റിവൽ, ഖത്തർ യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ ഗ്യാസ് കോൺഫറൻസ്, ഷാർജ യൂണിവേഴ്സിറ്റിയിലെ ജലവൈദ്യുത സമ്മേളനം തുടങ്ങിയ പരിപാടികളിൽ ഇത് അവതരിപ്പിച്ചിട്ടുണ്ടെന്നും സഹ്‌റ കൂട്ടിച്ചേർത്തു. വാണിജ്യാടിസ്ഥാനത്തിൽ നിർമാണത്തിനുള്ള നിക്ഷേപ സാധ്യതകൾ തുറക്കപ്പെടുമെന്ന പ്രതീക്ഷയിലാണെന്നും അവർ പറഞ്ഞു.





0 comments