കടകംപള്ളി ബിജു കൊലപാതകം; പ്രതികൾ റിമാൻഡിൽ

ചിറയിൻകീഴ്
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടകംപള്ളി ബിജുവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ മൂന്ന് പേരെയും റിമാൻഡ് ചെയ്തു. മുകേഷ് (മക്കു), പ്രദീപ് (മൊട്ട പ്രദീപ്), ശൈലേഷ് എന്നിവരാണ് റിമാൻഡിലായത്. മണമ്പൂർ തൊപ്പിച്ചന്ത പാലാംകോണത്തെ ഏലായ്ക്ക് സമീപം പുരയിടത്തിലെ പൊന്തക്കാട്ടിലാണ് രണ്ടുദിവസം മുന്പ് ബിജുവിനെ മരിച്ച നിലയിൽ കണ്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പാലാംകോണം ഭാസ്കർ കോളനി സ്വദേശി മുകേഷാണ് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ലഹരി വിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. പ്രദീപും ശൈലേഷും മുകേഷിനൊപ്പം സംഭവസമയം ഉണ്ടായിരുന്നു. 2023ൽ നഗരൂർ സ്വദേശി സുജിയെ ബിജു കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. മേലാറ്റിങ്ങൽ ശങ്കരമംഗലം ശിവക്ഷേത്രത്തിന് സമീപം വാമനപുരം നദിയോട് ചേർന്നുള്ള റബർതോട്ടത്തിലാണ് സുജിയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളും വധശ്രമമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായിരുന്നു. 19ന് ശൈലേഷും പ്രദീപും ബിജുവിനെ മദ്യപിക്കാൻ പാലംകോണത്തുള്ള വീട്ടിലെത്തിച്ചു. പിന്നാലെ വെട്ടിക്കൊലപ്പെടുത്തി. അടുത്ത ദിവസം മൂന്നാളും ചേർന്ന് മൃതദേഹം കുറ്റിക്കാട്ടിൽ കൊണ്ടിടുകയായിരുന്നു. കൊലപാതകത്തിനുശേഷം സുജിയുടെ മകനെ മുകേഷ് ഫോണിൽ വിളിച്ച വിവരം പൊലീസിന് ലഭിച്ചിരുന്നു.








0 comments