അറബിക്ക കാപ്പി പദ്ധതി വിപുലീകരിക്കാൻ ഒമാൻ

മസ്‌കത്ത് : ദോഫാർ ഗവർണറേറ്റിലെ അറബിക്ക കാപ്പി പദ്ധതി വിപുലീകരിക്കുന്നതായി കാർഷിക, മത്സ്യബന്ധന, ജലവിഭവ ഡയറക്ടറേറ്റ്. യോഗ്യരായ ഒമാനി കർഷകർക്ക് പൂർണ പിന്തുണയോടെ കാപ്പി തൈകൾ വിതരണംചെയ്യും. ദോഫാറിലുടനീളമുള്ള അനുയോജ്യമായ പർവതപ്രദേശങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക കാപ്പി ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. അപേക്ഷകർ കാർഷിക പരിചയമുള്ള ഒമാനി പൗരന്മാരായിരിക്കണം. കാപ്പിക്കൃഷിക്ക് അനുയോജ്യമായ ഉയരത്തിൽ കുറഞ്ഞത് 500 ചതുരശ്ര മീറ്റർ വിസ-്‌തീർണമുള്ള പർവതപ്രദേശത്ത് ആയിരിക്കണം കൃഷി.
യോഗ്യതയുള്ള അധികാരിയുടെ ലൈസൻസ് ഉള്ളതും കൃഷിക്ക് അനുയോജ്യമാണെന്ന് കണക്കാക്കിയതുമായ സ്ഥലമായിരിക്കണം. സ്ഥലത്ത് സ്ഥിരമായ ജലസേചന സ്രോതസ്സും വൈദ്യുതി വിതരണവും വേണം. നടീൽ ആരംഭിക്കുംമുമ്പ് ഭൂമി തയ്യാറാക്കാനും കുഴിക്കുന്നതിനും ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം സ്ഥാപിക്കാനും ഗുണഭോക്താക്കൾ ഉത്തരവാദികളായിരിക്കും. അപേക്ഷകർ അവരുടെ ദേശീയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പിനൊപ്പം സർവേ ഡ്രോയിങ്/ഗ്രാമീണ ഭവന സ്കെച്ച് സമർപ്പിക്കേണ്ടതുണ്ട്. പരിപാടിക്കായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകർ മന്ത്രാലയ വിദഗ്ധർ ശുപാർശ ചെയ്യുന്ന കാർഷിക രീതികൾ പിന്തുടരുകയും തൈകൾ നടുംമുമ്പ് ഉദ്യോഗസ്ഥർക്ക് പദ്ധതി സ്ഥലം സന്ദർശിക്കാൻ അനുവാദം നൽകുകയും വേണം. ഫാമുകൾ തുടർച്ചയായ നിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയമായിരിക്കും. അപേക്ഷകർക്ക് 30 വരെ രജിസ്റ്റർ ചെയ്യാം.










0 comments