കുട്ടനാട് ചോദിക്കുന്നു
ഞങ്ങൾ അനർഹരോ..?


സ്വന്തം ലേഖകൻ
Published on Sep 26, 2026, 02:36 AM | 2 min read
ആലപ്പുഴ
ഞങ്ങൾ അനർഹരോ ? – കേരളത്തെ അന്നമൂട്ടിയ കുട്ടനാടൻ ജനത ഇന്ന് കേരളത്തോട് ഉന്നയിക്കുന്ന ചോദ്യമിതാണ്. കലിതുള്ളിയെത്തിയ കിഴക്കൻവെള്ളം ഒഴുക്കിക്കളഞ്ഞ ജീവിതം നേരെയാക്കാൻ കരുണ തേടുന്ന കുട്ടനാട്ടുകാർക്ക് സർക്കാർ നൽകുന്നത് കൊത്തിപ്പറിക്കുന്ന അധിക്ഷേപം മാത്രമാണ്. അക്കൂട്ടത്തിൽ മുഖ്യമന്ത്രിമുതൽ നാടിന്റെ ജനപ്രതിനിധി വരെയുള്ളവരുണ്ട്. ആണ്ടുതോറും പ്രളയജലത്തോട് പോരടിക്കുന്ന ജനസഞ്ചയത്തിന് അവരിട്ട പേരാണ് ‘അനർഹർ’. 14 മുതൽ 20 ദിവസം വരെ വെള്ളത്തിൽ മുങ്ങിക്കിടന്ന വീടുകളിലേക്ക് മുഖ്യമന്ത്രി വി ഡി സതീശന്റെ വാക്ക് വിശ്വസിച്ച് മടങ്ങിയെത്തിയ 51,312 കുടുംബമാണ് സർക്കാരിന്റെ വഞ്ചനയിൽ മുങ്ങിത്താഴുന്നത്. ദിവസങ്ങളോളം ചെളിയും മാലിന്യങ്ങളും കയറിയ വീടുകളുടെ ശുചീകരണത്തിന് 10,000 രൂപ അടിയന്തര സഹായമെന്നായിരുന്നു വി ഡി സതീശന്റെ പ്രഖ്യാപനം. പ്രളയശേഷം രണ്ട് മാസം പിന്നിടുമ്പോഴും കാത്തിരിപ്പ് തുടരുകയാണ് കുട്ടനാട്ടുകാർ. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കുട്ടനാട്ടിലെ അപേക്ഷകരിൽ അനര്‍ഹര്‍ കടന്നുകൂടിയെന്നും അവരെ ഒഴിവാക്കാനുള്ള കാലതാമസമാണ് നേരിടുന്നതെന്നുമായിരുന്നു മറുപടി. കുട്ടനാടിന്റെ തീരാദുരിതം വാർത്തയായതോടെ വാർത്താസമ്മേളനം വിളിച്ച റെജി ചെറിയാൻ എംഎൽഎ പറഞ്ഞത് പണം കിട്ടിയിട്ടും നുണ പറയുകയാണ് എന്നാണ്. 10,000 രൂപയ്‌ക്ക് പുറമേ കുടുംബത്തിൽനിന്ന് രണ്ട് പേർക്ക് വീതം 300 രൂപ വീതം ഏഴ് ദിവസത്തേത് നൽകുമെന്ന് സർക്കാർ വാഗ്‌ദാനം ചെയ്‌തിരുന്നു, എന്നാൽ ഇതുവരെ ഒരുരൂപ പോലും കിട്ടിയിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പരാതിക്ക് ഇടനൽകാതെ 53,000 ലധികം കുടുംബത്തിൽ ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു.
ദുരിതബാധിതരെ ആക്ഷേപിച്ച് കുട്ടനാട് എംഎൽഎ
പരാതി പറയുന്നത് ഇത് കൊണ്ടു ജീവിക്കുന്നവർ
മങ്കൊമ്പ്
സർക്കാർ പ്രഖ്യാപിച്ച വെള്ളപ്പൊക്ക അടിയന്തര സഹായം 10,000 രൂപ കിട്ടിയില്ല എന്ന് പരാതി പറയുന്നവർ ഇതു കൊണ്ടു ജീവിക്കുന്നവരെന്ന് റെജി ചെറിയാൻ എംഎൽഎ. മങ്കൊന്പിൽ മാധ്യമപ്രവർത്തരോട് സംസാരിക്കുന്പോഴാണ് കുട്ടനാട് എംഎൽഎ ദുരിതബാധിതരെയാകെ അപമാനിക്കുന്ന പരാമർശം നടത്തിയത്. വെള്ളപ്പൊക്ക സഹായം ലഭിക്കാത്തതിൽ കുട്ടനാട്ടിലെ ജനങ്ങൾക്ക് പ്രതിഷേധമില്ല. പണം കിട്ടിയെന്ന് പറഞ്ഞാൽ ചിലർ കമീഷൻ പറ്റാൻ ചെല്ലും. ധനസഹായം ഇന്ന സമയം നൽകാമെന്ന് പറയുന്നത് എവിടത്തെ ന്യായമാണ്. സർക്കാരിന്റെ പണം ഇന്ന സമയം നൽകുമെന്ന് പറയാൻ കഴിയില്ല. കുട്ടനാട്ടിൽ എത്ര അപേക്ഷകരുണ്ടെന്ന് പറയാൻ കഴിയില്ലെന്നും എംഎൽഎ പറഞ്ഞു. മുൻ സർക്കാർ വെള്ളപ്പൊക്ക കാലത്ത് കെട്ടുകണക്കിന് രൂപ സഖാക്കളുടെ കൈയിൽ കൊടുത്തു. അവർ നേരിട്ടു പൈസ വീടുകളിൽ എത്തിക്കുകയായിരുന്നുവെന്നും എംഎൽഎ പറഞ്ഞു. കിടപ്പു രോഗികൾ, മറ്റ് രോഗങ്ങൾ ബാധിച്ചവർ, ജോലിക്ക് പോകാൻ കഴിയാത്തവർ അടക്കം നിരവധി പേരാണ് മാധ്യമങ്ങൾക്ക് മുന്നിൽ തങ്ങളുടെ ആവലാതികൾ പറഞ്ഞത്. ഇവരെയാണ് ഇതുകൊണ്ടു ജീവിക്കുന്നവർ എന്ന് എംഎൽഎ ആക്ഷേപിച്ചത്.
13,760 അപേക്ഷ തള്ളി
ആലപ്പുഴ
ജില്ലയിൽ പ്രളയത്തിൽപ്പെട്ട കുടുംബങ്ങൾക്കുള്ള അടിയന്തര ധനസഹായത്തിന് നൽകിയ അപേക്ഷയിൽ 13,760 എണ്ണം തള്ളി. ആകെ അപേക്ഷ നൽകിയ 51,312 കുടുംബത്തിൽ പരിമഗണിച്ചത് 37,552 അപേക്ഷ മാത്രം. ഇത്രയും കുടുംബങ്ങൾക്ക് സാന്പത്തികസഹായം അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇതുവരെ 5054 കുടുബത്തിനാണ് 5000 രൂപ വീതമെങ്കിലും കിട്ടിയത്. 3313 അപേക്ഷ ബാങ്ക് അക്കൗണ്ട്, റേഷൻകാർഡ്, ഫോൺനമ്പർ അപാകതകളാൽ തിരിച്ചയച്ചതായി പറയുന്നു. 5690 അപേക്ഷ സൂക്ഷ്‌മപരിശോധനയ്‌ക്ക് തഹസിൽദാർമാർക്ക് കൈമാറി. 4757 കുടുംബം പുതിയ അപേക്ഷകരായതിനാൽ മാറ്റിവച്ചെന്നുമാണ് അവകാശവാദം. ധനസഹായത്തിന് 5000 രൂപ സംസ്ഥാന ദുരന്തനിവാരണ വിഹിതമായും 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (സിഎംഡിആർഎഫ്) യിൽനിന്നുമാണ് അനുവദിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് 47,93,93,500 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 32,13,35,000 രൂപയും ഉൾപ്പെടെ 80,07,28,500 രൂപ അനുവദിച്ചെന്നാണ് സർക്കാർ പറയുന്നത്. കിട്ടിയതാകട്ടെ 5000ത്തോളം കുടുംബങ്ങൾക്ക് മാത്രം.








0 comments