ad
Deshabhimani

print edition ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്ന് സിഐടിയുവും കർഷകസംഘടനകളും

Gyanesh Kumar
avatar
സ്വന്തം ലേഖകൻ

Published on Sep 26, 2026, 02:37 AM | 1 min read

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ എത്രയും വേഗം പുറത്താക്കണമെന്ന്‌ സിഐടിയു, കിസാൻസഭ, കർഷകതൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ ആവശ്യപ്പെട്ടു. ഗുരുതര ആക്ഷേപങ്ങളാണ്‌ ഗ്യാനേഷ്‌ കുമാറിനെതിരെ ഉയർന്നിരിക്കുന്നതെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്‌താവനയിൽ പറഞ്ഞു.


എസ്‌ഐആറിന്റെ മറവിൽ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ കൂട്ടമായി വോട്ടവകാശം നിഷേധിക്കുന്നതിന്റെ മുഖ്യഉത്തരവാദി ഗ്യാനേഷ്‌ കുമാറാണ്‌. അദ്ദേഹത്തിനെതിരായ വെളിപ്പെടുത്തലുകൾ കമീഷന്റെ നിലവിലെ പ്രവർത്തനം എങ്ങനെയെന്ന്‌ വ്യക്തമാക്കുന്നതാണ്‌. കോടിക്കണക്കിന്‌ പേരാണ്‌ എസ്‌ഐആറില‍ൂടെ പുറത്തായത്‌. ഇതിലേറെയും ദരിദ്രരും ദുർബലരും മറ്റിടങ്ങളിൽ ജോലിയെടുക്കുന്നവരുമാണ്‌.


വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക്‌ ഇനി സർക്കാർ ആനുകൂല്യങ്ങൾ നൽകില്ലെന്നാണ്‌ ബിജെപി മുഖ്യമന്ത്രിമാർ പറയുന്നത്‌. പട്ടികയിൽ നിന്ന്‌ ഒഴിവാക്കപ്പെടുന്നവർ സാമൂഹികസുരക്ഷാ പദ്ധതികളിൽ നിന്ന്‌ പുറത്താക്കപ്പെടും. പുതിയ തൊഴിൽചട്ടങ്ങൾ പ്രകാരം സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഭാഗമാകാൻ തിരിച്ചറിയൽ കാർഡ്‌ നിർബന്ധമാണ്‌. ഇ‍ൗ കാർഡ്‌ കിട്ടുന്നതിനായി വോട്ടർകാർഡാണ്‌ നൽകേണ്ടത്‌. സ്വഭാവികമായും പട്ടികയിൽ ഇടംപിടിക്കാത്തവർക്ക്‌ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങളും നഷ്ടമാകും. ക്രമ‍ക്കേടുകൾ തെളിഞ്ഞാൽ ഗ്യാനേഷ്‌ കുമാറിനും മറ്റ്‌ കുറ്റക്കാർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണം– എളമരം കരീം പറഞ്ഞു.


തെരഞ്ഞെടുപ്പ്‌ കമീഷന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഗ്യാനേഷ്‌ കുമാറിനെ അടിയന്തരമായി നീക്കണമെന്ന്‌ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും പ്രസ്‌താവിച്ചു.

ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസിലേക്കുള്ള പ്രകടനത്തെ നയിച്ച കർഷക തൊഴിലാളി യൂണിയൻ ജോയിന്റ്‌ സെക്രട്ടറി വി ശിവദാസനെ പൊലീസ്‌ ബലമായി കസ്റ്റഡിയിലെടുത്തതിനെ പ്രസിഡന്റ്‌ എ വിജയരാഘവന്‍ അപലപിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്ന്‌ വ്യാമോഹിക്കേണ്ടെന്ന്‌ വിജയരാഘവൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home