വൈസ് പ്രസിഡന്റ് രാജിക്കത്ത് നൽകി
പൂവച്ചൽ പഞ്ചായത്തിൽ ഭരണപ്രതിസന്ധി

കാട്ടാക്കട
യുഡിഎഫ് ഭരണസമിതിയുടെ രഹസ്യഇടപാടില്‍ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് പിന്തുണ പിന്‍വലിച്ചതോടെ പൂവച്ചൽ പഞ്ചായത്തില്‍ ഭരണസമിതി പ്രതിസന്ധി. വൈസ് പ്രസിഡന്റും കരിയംകോട് വാർഡ് അംഗവുമായ ഷൈനി, ഭരണത്തിനുള്ള പിന്തുണ പിൻവലിച്ച് ഔദ്യോഗികമായി കത്ത് നൽകി. പഞ്ചായത്ത് സെക്രട്ടറി അവധി ആയതിനാല്‍ പ്രസിഡന്റിനാണ് കത്ത് കൈമാറിയത്. തന്നോട് ആലോചിക്കാതെയും വിശ്വാസത്തിലെടുക്കാതെയുമുള്ള മുന്നണിയുടെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് വൈസ് പ്രസിഡന്റ് പദവി രാജി വയ്ക്കുന്നതും ഭരണസമിതിക്കുള്ള പിന്തുണ പൂർണമായി പിൻവലിക്കുന്നതെന്നുമാണ് കത്തിന്റെ ഉള്ളടക്കം. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച്, പിന്നീട് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച അംഗമാണ് ഷൈനി. കരിയംകോട് വാർഡിൽ അനധികൃത പന്നി, കോഴിഫാമുകൾക്കെതിരെ നടന്ന ജനകീയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഷൈനി കോൺഗ്രസ് വിമതയായി മത്സരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഇടപെടലിലാണ് പിന്നീട് ഷൈനി യുഡിഎഫിനെ പിന്തുണച്ചത്. എന്നാൽ, തന്റെ വാർഡിൽ അനധികൃത ഫാമുകൾക്ക് ചട്ടവിരുദ്ധമായി പഞ്ചായത്ത് ലൈസൻസ് നൽകിയതിലും ഭരണസമിതിയുടെ അഴിമതിയിലും പ്രതിഷേധിച്ചാണ് ഷൈനി യുഡിഎഫില്‍നിന്ന് പിന്‍വാങ്ങുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് നടന്ന യോഗത്തില്‍ വിവിധ കാരണങ്ങൾ ഉന്നയിച്ച് ഷൈനിയുടെ നേതൃത്വത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ പൂവച്ചൽ ഫയസ്, സന്ധ്യ, അംഗമായ വിജയകുമാർ എന്നിവർ ഇറങ്ങിപ്പോയിരുന്നു. എന്നാൽ ബിജെപി അംഗങ്ങള്‍ പ്രസിഡന്റിനെ പിന്തുണച്ചു. ഇതിനുപിന്നാലെയാണ് ഷൈനിയുടെ പിന്തുണപിന്‍വലിക്കല്‍. ഷൈനിയുടെ നീക്കം പൂവച്ചലിലെ യുഡിഎഫ് ഭരണത്തെയും കോൺഗ്രസ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കി. ആകെ 24 വാർഡുള്ള പൂവച്ചൽ പഞ്ചായത്തിൽ യുഡിഎഫ് -9, എൽഡിഎഫ് -8, ബിജെപി- 6, സ്വതന്ത്ര -1 (ഷൈനി) എന്നിങ്ങനെയാണ് കക്ഷിനില.







0 comments