നരിക്കലിലെ തെരുവുനായ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്‌പ് നൽകി

കഴക്കൂട്ടം
കാട്ടായിക്കോണം നരിക്കലിൽ സെന്റ് തോമസ് സ്കൂളിനു സമീപം 10 പേരെയും വളർത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ച സംഭവത്തെ തുടർന്ന് പ്രദേശത്തെ വളർത്തുനായകൾക്കും വളർത്തുമൃഗങ്ങൾക്കും പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്‌പ് നൽകി. ആരോഗ്യപ്രവർത്തകർ അതിഥിത്തൊഴിലാളി ക്യാമ്പുകളിലെത്തി ബോധവൽക്കരണം നടത്തി. നായ കടിച്ചാൽ ഉടൻ സർക്കാർ ആശുപത്രിയിലെത്തി വാക്സിൻ എടുക്കണമെന്നും ഡോക്ടർ നിർദേശിക്കുന്നതുവരെ തുടർചികിത്സ നടത്തണമെന്നും ആരോഗ്യപ്രവർത്തകർ നിർദേശിച്ചു. കഴിഞ്ഞദിവസം കാര്യവട്ടം വാർഡിൽനിന്ന് ഏതാനും തെരുവുനായകളെ പിടികൂടി പ്രതിരോധ കുത്തിവയ്‌പ് നൽകുകയും ചിലതിനെ ഷെൽട്ടറുകളിലേക്ക് മാറ്റുകയും ചെയ്തു. നായയുടെ കടിയേറ്റ നരിക്കൽ സ്വദേശി എമിലറ്റ് (69) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നായയെ ഓടിക്കുന്നതിനിടെ വീണ് പരിക്കേറ്റ വരുണ്‍ (37) ശസ്ത്രക്രിയക്കുശേഷം ചികിത്സയിൽ തുടരുന്നു. ആക്രമണത്തിനു പിന്നാലെ 26 തെരുവുനായകളെ പിടികൂടി പ്രതിരോധ വാക്സിൻ നൽകിയിരുന്നു.







0 comments