സൈബർ സുരക്ഷ; പുതിയ പ്ലാറ്റ്‌ഫോമുമായി ഒമാൻ ടെലികോം അതോറിറ്റി

മസ്‌കത്ത് : ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാനും സൈബറിടത്തെ വെല്ലുവികളെ കൃത്യമായി അഭിസംബോധന ചെയ്യാനും ലക്ഷ്യമിട്ട് പുതിയ പ്ലാറ്റ്‌ഫോമുമായി ഒമാൻ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ഡിജിറ്റൽ ആവാസവ്യവസ്ഥ വികസിപ്പിക്കാനും സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ പരിസ്ഥിതി പ്രോത്സാഹിപ്പിക്കാനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. സൈബർ തട്ടിപ്പുകളും ഡിജിറ്റൽ അപകടസാധ്യതകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുകയും പിന്തുടരുകയും അവയെ നിരീക്ഷിക്കുകയും ചെയ്യുന്ന നൂതന വേദിയായിരിക്കും പ്ലാറ്റ്‌ഫോം. ഇലക്‌ട്രോണിക് തട്ടിപ്പ് കൈകാര്യം ചെയ്യാനുള്ള ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുമാണ് പ്ലാറ്റ്‌ഫോം.
ഏകീകൃത റിപ്പോർട്ടിങ്, ഡിജിറ്റൽ ഡാറ്റ വിശകലനം, പാറ്റേൺ മോണിറ്ററിങ് എന്നിവയിലൂടെ ഡിജിറ്റൽ അപായ സാധ്യതകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പുതിയ പ്ലാറ്റ്ഫോമിന് സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. തീരുമാനമെടുക്കലിന്റെ വേഗം വർധിപ്പിക്കാനും അധികാര കേന്ദ്രങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും പ്ലാറ്റ്‌ഫോം വഴിയൊരുക്കും. സംശയാസ്‌പദമായ പ്രാദേശിക, അന്തർദേശീയ സൈബർ കണ്ണികൾ ട്രാക്ക് ചെയ്യുക, വിശകലനം ചെയ്യുക, ഫിഷിങ് സന്ദേശങ്ങൾ നിരീക്ഷിക്കുക, ദുരുപയോഗിക്കുന്ന സമൂഹ്യമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക തുടങ്ങിയ നിരവധി മേഖലകളും പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യും. ഡിജിറ്റൽ സുരക്ഷയിലധിഷ്ഠിതമായി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ പിന്തുണ നൽകാനും ബന്ധപ്പെട്ട അന്താരാഷ്ട്ര മത്സര സൂചികകളിൽ രാജ്യത്തിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടാനും പുതിയ പ്ലാറ്റ്ഫോമിന് സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.











0 comments