ഡ്രോൺ അവശിഷ്‌ടം പതിച്ച് വൈദ്യുതി ലൈനുകൾക്ക് കേടുപാട്

കുവൈത്ത് സിറ്റി : മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ തടയുന്നതിനിടെ വീണ അവശിഷ്‌ടം പതിച്ച് നിരവധി വൈദ്യുതി പ്രസരണ ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. കേടുപാടുകളുടെ വ്യാപ്തി വിലയിരുത്താനും അറ്റകുറ്റപ്പണി വേഗം പൂർത്തിയാക്കാനുമായി ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ച് അടിയന്തര സാങ്കേതിക സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചു. സംഭവം വൈദ്യുതി, ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്നും ദേശീയ വൈദ്യുതി ഗ്രിഡ് തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയാണ് എല്ലാ നടപടികളും പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വ്യോമ പ്രതിരോധം സജീവം
കുവൈത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ട് എത്തിയ മിസൈലുകൾക്കും ഡ്രോണുകൾക്കുമെതിരെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം സജീവമായി പ്രവർത്തിക്കുന്നതായി കുവൈത്ത് സായുധ സേന ജനറൽ സ്റ്റാഫ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്‌ഫോടന ശബ്‌ദം വ്യോമ പ്രതിരോധ സംവിധാനം, ലക്ഷ്യങ്ങൾ വിജയകരമായി തടഞ്ഞുനശിപ്പിച്ചതിന്റെ ഭാഗമായിരുന്നുവെന്നും ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കി.
സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. ജനങ്ങൾ പരിഭ്രാന്തരാകാതെ അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണം. സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. സംഭവവികാസങ്ങൾ ബന്ധപ്പെട്ട അധികൃതർ നിരന്തരം നിരീക്ഷിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്‌ക്ക് ഔദ്യോഗികമായി അറിയിക്കുമെന്നും ജനറൽ സ്റ്റാഫ് വ്യക്തമാക്കി.











0 comments