പ്രണയബന്ധത്തിൽ എതിർപ്പ്; ഉത്തർപ്രദേശിൽ യുവാവിനെ കാമുകിയുടെ കുടുംബാംഗങ്ങൾ തല്ലിക്കൊന്നു

പ്രതീകാത്മകചിത്രം
കൗശാംബി : ഉത്തർപ്രദേശിലെ കൗശാംബിയിൽ യുവാവിനെ കാമുകിയുടെ കുടുംബാംഗങ്ങൾ തല്ലിക്കൊന്നു. മഞ്ജൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മഹുവ ഖാഡ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. 19കാരനായ ശിവ് പ്രസാദാണ് കൊല്ലപ്പെട്ടത്. യുവതിയെ കാണാനായി എത്തിയപ്പോഴാണ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മർദിച്ച് കൊലപ്പെടുത്തിയതെന്ന് ശിവ് പ്രസാദിന്റെ മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിലാണെന്നും സംശയിക്കപ്പെടുന്ന രണ്ട് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാൻ മൂന്ന് പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
തന്റെ മകൻ ശിവ് പ്രസാദിനെ തന്റെ അകന്ന ബന്ധുവായ രാകേഷ് ലോധി ആക്രമിച്ചതായും ഇത് മരണത്തിൽ കലാശിച്ചതായും ആരോപിച്ച് ഒസ ഗ്രാമവാസിയായ രാം ബദൻ ലോധിയാണ് പരാതി നൽകിയതെന്ന് മഞ്ജൻപൂർ സർക്കിൾ ഓഫീസർ ശിവങ്ക് സിംഗ് പറഞ്ഞു. മകൻ ആക്രമിക്കപ്പെട്ട വിവരം രാകേഷ് ലോധി തന്നെയാണ് ഫോണിൽ വിളിച്ച് അറിയിച്ചതെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് ശിവ് പ്രസാദിന്റെ കുടുംബാംഗങ്ങൾ പ്രതിയുടെ വീട്ടിലെത്തി പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ യുവാവ് മരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ശിവ്പ്രസാദ് രാകേഷ് ലോധിയുടെ മകളുമായി പ്രണയത്തിലായിരുന്നുവെന്നും വ്യാഴാഴ്ച രാത്രി അവളെ കാണാൻ അവരുടെ വീട്ടിൽ പോയിരുന്നുവെന്നും കണ്ടെത്തി. ഈ സമയത്ത് യുവാവിന് മർദ്ദനമേറ്റതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ യുവതിക്കും പരിക്കേറ്റതായും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. യുവതിയുടെ നില തൃപ്തികരമാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ശിവ്പ്രസാദിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, രാകേഷ് ലോധിക്കും കുടുംബാംഗങ്ങൾക്കുമെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.










0 comments