ദുൽഖർ സൽമാൻ - പൂജ ഹെഗ്‌ഡെ റൊമാന്റിക് തെലുങ്ക് ചിത്രം; 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ശ്രീ ഫസ്റ്റ് ലുക്ക് പോസ്റ്റർ |Photo: Socia Media
ഹൈദരാബാദ് : ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. 'ശ്രീ ശ്രീ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'Love Will Spark Again' എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തുന്നത്. ഇരുവർക്കും ഒപ്പമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ദുൽഖർ സൽമാനും പൂജ ഹെഗ്ഡെയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ദുൽഖർ സൽമാന്റെ കരിയറിലെ 41-ാം ചിത്രമായ 'DQ41' ഒരു പക്കാ പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ദുൽഖറിന്റെ അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
വമ്പൻ ബജറ്റിലും വലിയ കാൻവാസിലും ഉയർന്ന സാങ്കേതിക നിലവാരത്തിലുമാണ് ചിത്രം ഒരുങ്ങുന്നത്. മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
ബിഗ് ബജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രം 'ആകാശം ലോ ഓക താര' എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ദുൽഖറിന്റെ മറ്റ് പ്രധാന പ്രോജക്ടുകൾ. ഗോപിചന്ദ് ഇന്നാമുറി സഹ നിർമാതാവാകുന്ന ചിത്രത്തിന്റെ സിഇഒ വിജയ് കുമാർ ചഗന്തിയാണ്. ജിവി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ: ശബരി.









0 comments