നെയ്യാറ്റിൻകര ആശുപത്രിയിലെ കുഴഞ്ഞു വീണ് മരണം; ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

നെയ്യാറ്റിൻകര: ഹൃദയാഘാതത്തെ തുടർന്ന് എത്തിച്ച രോഗിക്ക് അടിയന്തര ചികിത്സ കിട്ടാതെ ക്യൂവിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. അന്വേഷണത്തിന് ഡപ്യൂട്ടി ഡിഎംഒയെ നിയോഗിച്ച് മരിച്ച രോഗിയുടെ ബന്ധുക്കൾ, ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ, സെക്യൂരിറ്റി ജീവനക്കാർ, സ്വതന്ത്ര സാക്ഷികൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തണം.
മരിച്ച രോഗിയുടെ ചികിത്സാരേഖകൾ പരിശോധിച്ച് മരണ കാരണം മനസിലാക്കണം. ആരുടെയെങ്കിലും ഭാഗത്തെ വീഴ്ച മരണത്തിന് കാരണമായിട്ടുണ്ടോ, സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ മുതലായ കാര്യങ്ങൾ അന്വേഷിച്ച് ഡിഎംഒക്ക് റിപ്പോർട്ട് കൈമാറണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഎംഒ സമഗ്രമായ ഒരു റിപ്പോർട്ട് അന്വേഷണ റിപ്പോർട്ടിനൊപ്പം ഒരു മാസത്തിനകം കമീഷൻ ഓഫീസിൽ സമർപ്പിക്കണം. നെയ്യാറ്റിൻകര ജനറൽ ആശുപത്രി സുപ്രണ്ട് പ്രത്യേകം റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനുസമീപം താമസിക്കുന്ന രാജേഷിനാണ് (55) നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥയിൽ ജീവൻ നഷ്‌ടമായത്. വ്യാഴം രാത്രി ഏഴോടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട രാജേഷിനെ അയൽവാസിയാണ് ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചത്. രാജേഷിന്റെ വീടും ആശുപത്രിയും തമ്മിൽ അരക്കിലോമീറ്റർ മാത്രം ദൂരമാണുള്ളത്. ആശുപത്രിയിലെത്തിയപ്പോൾ പ്രാഥമിക ശുശ്രൂഷപോലും നൽകാൻ ഉത്തരവാദപ്പെട്ടവർ തയ്യാറായില്ല. ഹൃദയാഘാതമാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും സെക്യൂരിറ്റി ജീവനക്കാരൻ അകത്തേക്ക് കടത്തിവിട്ടില്ല. അരമണിക്കൂറോളം ക്യൂവിൽനിന്ന രാജേഷ് കുഴഞ്ഞുവീണു. തുടർന്ന് മരണവും സംഭവിച്ചു.











0 comments