എബോളയിൽ മുൻകരുതലുമായി ഒമാൻ; കോംഗോ, ഉഗാണ്ട വഴിയുള്ള യാത്രക്കാർക്ക് സത്യവാങ്‌മൂലം നിർബന്ധം

മസ്‌കത്ത് : കോംഗോയും ഉഗാണ്ടയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എബോള രോഗബാധ റിപ്പോർട്ട്ചെയയ്ത സാഹചര്യത്തിൽ ഒമാനിലേക്ക് എത്തുന്ന ചില യാത്രക്കാർക്ക് ഇ–ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി. ഒമാൻ വ്യോമയാന അതോറിറ്റി ആരോഗ്യ മന്ത്രാലയവുമായി ഏകോപിച്ച് പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ നിർദേശമനുസരിച്ച് കോംഗോയുടെയും ഉഗാണ്ടയുടെയും പൗരന്മാർ, ഈ രാജ്യങ്ങളിൽനിന്ന് നേരിട്ട് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ, കൂടാതെ ഒമാനിലെത്തുന്നതിന് മുമ്പുള്ള 21 ദിവസങ്ങൾക്കുള്ളിൽ ഈ രാജ്യങ്ങളിൽ ഏതെങ്കിലും ഒന്ന് സന്ദർശിച്ചിട്ടുള്ള മറ്റ് യാത്രക്കാർ എന്നിവർ നിർബന്ധമായും ഇ– ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം.
ഒമാൻ അധികൃതർ നൽകിയിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ചാണ് ഫോം സമർപ്പിക്കേണ്ടത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കോംഗോയിലും ഉഗാണ്ടയിലും സ്ഥിരീകരിച്ചതും സംശയിക്കപ്പെടുന്നതുമായ എബോള കേസുകളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടി ശക്തമാക്കിയത്. ഒമാനിൽ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികൾക്കും പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്.










0 comments