കാറിലിരുന്ന് സംസാരിച്ച യുവാവിനെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി; പ്രതികൾ പിടിയിൽ

Photo: Screengrab
കാസർകോട്: കാറിലിരുന്ന് സംസാരിച്ച യുവാവിനെയും പെൺസുഹൃത്തിനെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മൊഗ്രാൽ മൈമൂൻ നഗർ നീരോളി ഹൗസിലെ അഫ്‌സൽ (29), കുന്നിൽ ഹൗസിലെ മുഹമ്മദ് മൻസൂർ (ഫൈസി –27) എന്നിവരാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. മൊഗ്രാൽ മൈമൂൻ നഗറിലെ ഇരുപതുകാരനും സുഹൃത്തായ പതിനെട്ടുകാരിയുമാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
തിങ്കളാഴ്ച ഉച്ചയ്ക്ക് കുമ്പള, അനന്തപുരം ക്ഷേത്രത്തിന് സമീപത്ത് കാറിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു യുവാവും പെൺസുഹൃത്തും. ഇതിനിടെ ഓട്ടോറിക്ഷയിൽ എത്തിയ മൂന്നു പേർ യുവാവിനെ ആക്രമിക്കുകയും യുവതിക്ക് നേരെ മോശമായി പെരുമാറുകയും ചെയ്തു. പിന്നാലെ അക്രമി സംഘം കാറിലേയ്ക്ക് ഇടിച്ചു കയറുകയും ഇരുവരെയും കൂട്ടി സീതാംഗോളി ഭാഗത്തേക്ക് കാർ ഓടിച്ചു പോവുകയും ചെയ്തു. സീതാംഗോളിയിലെ ബവ്റിജസ് ഷോപ്പിനു മുന്നിൽ എത്തിയപ്പോൾ യുവാവിൽ നിന്ന് 500 രൂപ പിടിച്ചുവാങ്ങി. സംഘത്തിലെ ഒരാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ കൈക്കലാക്കുകയും ചെയ്ത ശേഷം അരലക്ഷം രൂപയും ആവശ്യപ്പെട്ടു.
തുടർന്ന് കാർ വീണ്ടും അമിത വേഗതയിൽ ഓടിച്ചുപോയി. ഇതിനിടയിൽ അതുവഴി എത്തിയ മറ്റൊരു കാറിലും ഉരസി. ഇതോടെ വാക്കുതർക്കമായി. ബഹളം കേട്ട് എത്തിയ നാട്ടുകാരോടും വിവരമറിഞ്ഞെത്തിയ പൊലീസിനോടും യുവാക്കൾ തട്ടിക്കയറി.പിന്നാലെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താനുള്ള അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. അഫ്‌സൽ 2014ൽ കുമ്പള സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കൊലക്കേസിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കൂടാതെ ലഹരിമരുന്ന് കടത്ത്, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ കേസുകളിലും പ്രതിയാണ്. മൻസൂറിനെതിരെ കൊലപാതകശ്രമം, ആയുധനിയമം, മോഷണം തുടങ്ങിയവയ്ക്ക് കേസുണ്ട്.










0 comments