ഒമാനിലെ തുറമുഖങ്ങൾക്ക് റെക്കോഡ് നേട്ടം

Oman Port
avatar
രാജീവ്‌ മഹാദേവൻ

Published on Aug 18, 2025, 02:17 PM | 1 min read

മസ്‌ക്കറ്റ്: ഇ‍ൗ വർഷം ആദ്യ പാദത്തിൽ റെക്കോഡ് പ്രകടനവുമായി ഒമാനിലെ വിവിധ തുറമുഖങ്ങൾ. കപ്പൽ ഗതാഗതത്തിലും ചരക്ക് കൈകാര്യം ചെയ്യുന്നതിലും വലിയ വർധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയതെന്ന് ഒമാൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ഒമാൻ വിഷൻ 2040 അനുഗുണമായി തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിൽ വരുത്തിയ ആധുനിക സൗകര്യങ്ങളും മറ്റു നടപടികളും ഈ നേട്ടത്തിന് കാരണമായി.


ഒമാനിലെ സലാല, സൊഹാർ, ദുക്കം എന്നീ പ്രമുഖ തുറമുഖങ്ങൾ വഴി 2427195 ടി ഇ യു ചരക്കു നീക്കം 2025 ആദ്യപാദത്തിൽ മാത്രം നടന്നതായും ഇത് മുൻവർഷത്തെ സമാന കാലയളവിലെ അപേക്ഷിച്ച് 253687 ടി ഇ യു കൂടുതലാണെന്നും ഗതാഗത മന്ത്രാലയത്തിലെ തുറമുഖ വിഭാഗം മേധാവി മുഹന്ന ബിൻ മൂസ ബിൻ ബഖേർ പറഞ്ഞു. 11.7 ശതമാനത്തിന്റെ വർധന.


ഒമാനി തുറമുഖങ്ങളിൽ വന്നു പോകുന്ന കപ്പലുകളുടെ എണ്ണം 2024 ആദ്യപാദത്തിൽ 5930 ആയിരുന്നത് 2025 ആദ്യ പാദത്തിൽ 6586 ഉയർന്നു. 11.1 ശതമാനം വർധന. സുൽത്താൻ ഖാബൂസ്, ഷിനാസ്, സലാല തുടങ്ങിയ തുറമുഖങ്ങൾ എടുത്തുപറയാവുന്ന നേട്ടങ്ങൾ കൈവരിച്ചു. ഡയറക്ടർ ജനറൽ ഓഫ് പോർട്സ്സിന്റെ കണക്കുകൾ പ്രകാരം മൊത്തം 70114527 ടൺ ചരക്കു കൈമാറ്റം നടന്നു. മുൻവർഷത്തെ അപേക്ഷിച്ച് 5.2 ശതമാനത്തിന്റെ വർധനവാണുണ്ടായത്. 50248 വാഹനങ്ങളും 2694293 കന്നുകാലികളും ഇക്കാലയളവിൽ തുറമുഖങ്ങൾവഴി എത്തിച്ചേർന്നതായും വ്യത്യസ്ത തുറകളിലുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഈ നേട്ടങ്ങൾ, മേഖലയിലെ തന്ത്രപ്രാധാന ജലഗതാഗത കേന്ദമായി മാറാനുള്ള രാജ്യത്തിൻറെ മത്സരക്ഷമതയ്ക്ക് ആക്കം കൂട്ടുന്നതായും നൂതനസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി തുറമുഖ വികസനത്തിൽ ത്വരിത വളർച്ചയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home