അടിക്ക് ഇംഗ്ലണ്ടിന്റെ തകർപ്പൻ തിരിച്ചടി, ഓസ്ട്രേലിയ 9ന് 123 റൺസ്; ആദ്യദിനം വീണത് 19 വിക്കറ്റ്

ട്രാവിസ് ഹെഡിനെ പുറത്താക്കിയ ബെൻ സ്റ്റോക്സിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു | PHOTO: AFP
പെർത്ത്: മിച്ചൽ സ്റ്റാർക്കിന്റെ തീപാറും ബൗളിങിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ട്, മറുപടിക്ക് ഇറങ്ങിയപ്പോൾ ഓസ്ട്രേലിയയോട് പകരത്തിന് പകരം ചോദിച്ചു. ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം കളിനിർത്തുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. 19 വിക്കറ്റുകളാണ് ആദ്യദിനം വീണത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആണ് കങ്കാരുപ്പടയെ തളച്ചത്. ജോഫ്ര ആർച്ചറും ബ്രൈഡന് കാർസും ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
അലക്സ് കാരെ (26 പന്തിൽ 26 റൺസ്) ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന് 49 പന്തിൽ 17 റൺസ് മാത്രമാണ് നേടാനായത്. കമറൂൺ ഗ്രീൻ (50 പന്തിൽ 24 റൺസ്), ട്രാവിസ് ഹെഡ് (35 പന്തിൽ 21 റൺസ്), മിച്ചൽ സ്റ്റാർക്ക് (12 പന്തിൽ 12 റൺസ്) എന്നിവരും പൊരുതി നോക്കിയെങ്കിലും സ്കോർ ബോർഡ് ഉയർത്താനായില്ല.
നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലീഷ് ബാറ്റർമാരെ എറിഞ്ഞുതകർത്തത്. 32.5 ഓവറുകൾ നേരിട്ട ഇംഗ്ലണ്ട് 172 റൺസിൽ ഓൾഓട്ടായി. ആഷസ് ടെസ്റ്റിൽ 100 വിക്കറ്റ് എന്ന നേട്ടവും സ്റ്റാർക്ക് പെർത്തിൽ നേടി.








0 comments