തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല സാഹചര്യം: രണ്ട് വോട്ടിനായി യുഡിഎഫ് മതതീവ്രവാദത്തോട് ഐക്യപ്പെടുന്നു- എം വി ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രികാ സമർപ്പണം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ കേരളത്തിൽ എൽഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കേരളത്തിലെ വളർച്ചയും വികസന കാഴ്ചപാടും ജനങ്ങൾക്ക് അനുകൂലമായ സമീപനങ്ങളുമെല്ലാം എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയമാണ് രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി പ്രവർത്തിച്ച് വരുന്നത്. മതനിരപേക്ഷ ഉള്ളടക്കത്തെയും കേരളത്തിന്റെ വികസനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കേരളത്തിലെ വികസനത്തിന് ഒരു സംഭാവനയും ചെയ്യാത്ത, എല്ലാ വികസനത്തെയും ശക്തിയായ എതിർത്ത് ഇവിടെ ഒന്നും നടക്കുന്നില്ലെന്ന് വരുത്താനാണ് യുഡിഎഫ് അടക്കമുള്ള പ്രതിപക്ഷം ശ്രമിച്ചത്.
ജമാത്തെ ഇസ്ലാമിയോടും എസ്ഡിപിഐയോടും ചേർന്ന് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ദുർബലപ്പെടുത്തുന്നതിനാണ് മുസ്ലീംലീഗും യുഡിഎഫും ഇപ്പോൾ പ്രവർത്തിക്കുന്നത്. യഥാർഥ്യത്തിൽ ഇത്തരം ഇടപെടൽ ബിജെപിയെ ശക്തിപ്പെടുത്തുകയേയുള്ളൂ. രണ്ട് സീറ്റിന് വേണ്ടി മതനിപേക്ഷ ഉള്ളടക്കതിന് പകരം ജമാത്തെ ഇസ്ലാമി- എസ്ഡിപിഐ മതതീവ്രവാദ നിലാപടിനോട് ഐക്യപ്പെട്ടാൽ മതനിരപേക്ഷയ്ക്ക് ഏൽപ്പിക്കുന്ന മുറിവ് വളെര വലുതാണെന്ന് യുഡിഎഫ് തിരിച്ചറിയുന്നില്ല. ഹിന്ദുത്വ അജണ്ട ഉപയോഗിച്ച് വിദ്വേഷ രാഷ്ട്രീയം കൈകാര്യം ചെയ്യാനാണ് ബിജെപിയും സംഘപരിവാരും ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താമ്മേളനത്തിൽ പറഞ്ഞു.








0 comments