റോഡിലെ പെരുമാറ്റം മെച്ചപ്പെടുത്തൽ; മാർഗനിർദേശവുമായി ഒമാൻ പൊലീസ്

മസ്‌കത്ത് : റോഡിലെ പെരുമാറ്റം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹമോടിക്കുന്നവർക്കുമായി സമഗ്ര മാർഗനിർദേശങ്ങൾ പുറത്തിറക്കി റോയൽ ഒമാൻ പൊലീസ്. പുതിയ ‘കാൽനട ഉത്തരവാദിത്വങ്ങൾ’ എന്ന ചട്ടക്കൂടിനുകീഴിൽ വ്യക്തികൾക്ക് റോഡ് മുറിച്ചുക്കടക്കാൻ നിയുക്ത സ്ഥലങ്ങൾ ഉപയോഗിക്കാനും എല്ലാ ട്രാഫിക് സിഗ്നലുകളും അനുസരിക്കാനും നിർദേശമുണ്ട്. മുറിച്ചുക്കടക്കുംമുമ്പ് റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കുക, രാത്രിയിൽ ഇളം നിറമുള്ളതോ പ്രതിഫലിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കുക, നടക്കുമ്പോൾ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം മൊബൈൽ ഫോൺ മുതലായവ ഒഴിവാക്കുക എന്നിവയും സുരക്ഷാ നടപടികളിൽ ഉൾപ്പെടുന്നു.
റോഡ് സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കാൻ ‘മോട്ടോർ സൈക്കിൾ യാത്രികരുടെ ഉത്തരവാദിത്വങ്ങൾ’ എന്നതും രൂപപ്പെടുത്തിയിട്ടുണ്ട്. റൈഡർമാർ വേഗപരിധി കർശനമായി പാലിക്കുകയും എല്ലാ ഗതാഗത നിയമങ്ങളും പാലിക്കുകയും ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്ക് വഴിമാറുകയും വേണം. കൂടാതെ, മോട്ടോർ സൈക്കിൾ യാത്രക്കാർ എല്ലായ്‌പ്പോഴും റോഡിൽ പൂർണ ശ്രദ്ധ ചെലുത്തണം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകളും മറ്റ് ശ്രദ്ധ തിരിക്കുന്ന വസ്‌തുക്കശും ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം.










0 comments