Deshabhimani

ഒമാൻ ദേശീയദിനം നാളെ; സീബ്, സലാല, മന എന്നിവിടങ്ങളിൽ ഡ്രോൺ ലൈറ്റ് ഷോ

oman
വെബ് ഡെസ്ക്

Published on Nov 19, 2026, 07:53 AM | 2 min read

മസ്‌കത്ത്‌ : രാഷ്‌ട്രം സ്ഥാപിച്ചതിന്റെ 56–ാം വാർഷികം പ്ര‍ൗഡഗംഭീരമായി ആഘോഷിക്കാൻ ഒമാൻ. രാജ്യമെമ്പാടും വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. മൂന്നിടങ്ങളിൽ ഡ്രോൺ ലൈറ്റ് ഷോ അരങ്ങേറും. മൂന്ന് ഷോകളും രാത്രി എട്ടിന്‌ ആരംഭിക്കും. 20ന് മസ്‌കത്തിലും ദോഫാറിലും 21ന് അൽ ദഖിലിയയിലും പ്രദർശനങ്ങൾ ഉണ്ടാകുമെന്ന് സെക്രട്ടറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് അറിയിച്ചു.


മസ്‌കത്ത്‌ ഗവർണറേറ്റിൽ സീബിലെ അൽ ഖൗദ് ഡാമിലും ദോഫാർ ഗവർണറേറ്റിൽ സലാലയിലെ ഇറ്റിൻ പ്ലെയിനിലും നടക്കും. ​മൂന്നാം ഷോ ശനിയാഴ-്‌ച അൽ ദഖിലിയ ഗവർണറേറ്റിലെ മനയിലെ ഒമാൻ അക്രോസ് ഏജസ് മ്യൂസിയത്തിന് സമീപം നടക്കും. ആധുനിക ഒമാന്റെ ശിൽപിയായ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ ജന്മദിനമായ നവംബർ 18-നാണ് ഒമാൻ ദേശീയദിനമായി ആചരിച്ചിരുന്നത്. 2025-ൽ ഹൈതം ബിൻ താരിഖ് നവംബർ 20 ഒമാന്റെ ദേശീയദിനമായി പ്രഖ്യാപിച്ചു. 1744-ൽ അൽ ബുസൈദി ഭരണവംശം ഭരണമേറ്റതിന്റെ ചരിത്രസ-്‌മരണയാണ് പുതിയ തീയതി തെരഞ്ഞെടുത്തത്‌.


മസ-്‌കത്ത്‌, സലാല, സൊഹാർ, നിസ്‌വ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ദേശീയപതാകയുടെ നിറങ്ങളായ ചുവപ്പ്, വെള്ള, പച്ച നിറങ്ങളിലുള്ള ലൈറ്റുകളാൽ അലങ്കരിച്ചിട്ടുണ്ട്. സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്, മത്ര കോർണിഷ് എന്നിവിടങ്ങളിൽ ലൈറ്റ് ആർട്ട് ഇൻസ്റ്റളേഷനുകൾ ഒരുക്കിയിട്ടുണ്ട്‌. സർക്കാർ ഓഫീസുകൾ, വാണിജ്യ സമുച്ചയങ്ങൾ, സ്വകാര്യ വീടുകൾ, വാഹനങ്ങൾ എന്നിവയെല്ലാം ഒമാൻ ദേശീയ പതാകകളും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രങ്ങളുംകൊണ്ട് അലങ്കരിച്ചിട്ടുണ്ട്‌.


പ്രധാന റൗണ്ട് എബൗട്ടുകളിലും നഗരകവാടങ്ങളിലും ഒമാനി വാസ-്‌തുവിദ്യാ ശൈലിയിലുള്ള കോട്ടകൾ, ഖഞ്ചർ, ധോവുകൾ എന്നിവയുടെ മാതൃകകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരവീഥികൾ കൊടിതോരണങ്ങൾകൊണ്ട് നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽ ദേശീയദിന ഓഫറുകളും വിൽപ്പനയും പൊടിപൊടിക്കുകയാണ്. 25, 26 എന്നീ ദിവസങ്ങളാണ്‌ ദേശീയദിന അവധി. തൊട്ടടുത്ത വെള്ളിയും ശനിയും കൂടിച്ചേരുമ്പോൾ നാലുദിവസം അവധി ലഭിക്കും.


പൊതുസ്ഥലത്ത്‌ മുഖം മറച്ചെത്തിയാൽ ഒരുവർഷം തടവ്


ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതുസ്ഥലത്ത് മുഖം മറച്ചോ മറ്റ് മാർഗങ്ങളിലൂടെയോ മനപൂർവം വ്യക്തിത്വം ഒളിപ്പിക്കുന്നത് ഒരുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌. ഒമാൻ പീനൽ കോഡിലെ 295–ാം അനുച്ഛേദം പ്രകാരമാണ് നടപടി. മുഖംമൂടി, മുഖാവരണം തുടങ്ങിയവ ഉപയോഗിച്ച് പൊതുസ്ഥലത്ത് മുഖസവിശേഷതകളോ വ്യക്തിത്വമോ മറച്ചുവയ്‌ക്കാൻ മനപൂർവം ശ്രമിക്കുന്നവർക്കെതിരെ ഈ നിയമം ബാധകമാകും. കുറ്റം തെളിഞ്ഞാൽ ഒരുമാസംമുതൽ ഒരുവർഷംവരെ തടവുശിക്ഷ ലഭിക്കാമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home