യാത്രാ വിമാനം അപകടത്തിൽപ്പെടുന്ന സാഹചര്യം നേരിടാൻ 'അൽ ഹിസ്ൻ 2026' ഡ്രിൽ പരിശീലനം

ഷാർജ: റൺവേയിലേക്ക് ലാൻഡ് ചെയ്യാൻ വരുന്ന യാത്രാ വിമാനം അപകടത്തിൽപ്പെടുന്ന സാഹചര്യം അനുകരിച്ച് ഷാർജ എയർപോർട്ട് ബുധനാഴ്ച പൂർണതോതിലുള്ള അടിയന്തിര പരിശീലനം നടത്തി. 'അൽ ഹിസ്ൻ 2026' എന്ന് പേരിട്ട ഈ പരിശീലനം, വിമാനത്താവളത്തിന്റെ എമർജൻസി പ്ലാൻ അനുസരിച്ച് എയർപോർട്ട് ജീവനക്കാരും അടിയന്തര സംഘങ്ങളും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കും എന്ന് പരീക്ഷിക്കാനാണ് നടത്തിയത്.
വിമാനത്താവളത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഡ്രിൽ നടന്നത്. ടീമുകൾ എമർജൻസി പ്ലാൻ പ്രവർത്തനക്ഷമമാക്കി, തീ അണയ്ക്കൽ, രക്ഷാപ്രവർത്തനം, യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കൽ എന്നിവ പരിശീലിച്ചു. പരിക്കേറ്റവരെ അനുകരിച്ച് കിടത്തിയവരെ പരിശോധിച്ച് ആർക്കാണ് ആദ്യം ചികിത്സ വേണ്ടത് എന്ന് തീരുമാനിക്കുകയും, രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്ന നടപടി പരിശീലിക്കുകയും ചെയ്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ എങ്ങനെ സ്വീകരിക്കും, അവരുടെ കുടുംബങ്ങളെ എങ്ങനെ പിന്തുണയ്ക്കും എന്നതും പരിശീലനത്തിൽ ഉൾപ്പെട്ടിരുന്നു.
സർക്കാർ, സുരക്ഷാ, ആരോഗ്യ ഏജൻസികളിൽ നിന്നുള്ള പ്രതിനിധികൾ, വിമാനത്താവള വകുപ്പുകൾ, ഓപ്പറേറ്റർമാർ, ഏവിയേഷൻ പാർട്ണർമാർ എന്നിവർ പങ്കെടുത്തു. സാഹചര്യം വികസിക്കുന്നതിനനുസരിച്ച് ടീമുകൾ എങ്ങനെ വിവരങ്ങൾ പങ്കുവെക്കും, പിന്തുണ ഏകോപിപ്പിക്കും, തീരുമാനം എടുക്കുന്നവർക്ക് വിവരങ്ങൾ എത്തിക്കും എന്നതും ഡ്രിൽ പരീക്ഷിച്ചു.
അപകട സ്ഥലം സുരക്ഷിതമാക്കുക, തെളിവുകൾ സംരക്ഷിക്കുക, വ്യോമയാന അപകട അന്വേഷകരുമായി സഹകരിക്കുക എന്നിവയും പരിശീലനത്തിൽ ഉൾപ്പെട്ടിരുന്നു. "അൽ ഹിസ്ൻ 2026 പരിശീലനം എയർപോർട്ടിന്റെ എമർജൻസി പ്ലാൻ പരീക്ഷിക്കാനും, ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും റോളുകൾ തമ്മിൽ ശരിയായ ഏകോപനം ഉണ്ടെന്ന് ഉറപ്പാക്കാനുമാണ് നടത്തിയത് എന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ, പറഞ്ഞു. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എട്ടാമത് എമർജൻസി പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഡ്രിൽ നടത്തിയത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ആവശ്യകതകൾ പാലിച്ചാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുത്ത ഏജൻസികളുമായി ചേർന്ന് അവലോകനം നടത്തിയ ശേഷം എമർജൻസി നടപടികളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്ന് കണ്ടെത്തുകയും, ആ മാറ്റങ്ങൾ എങ്ങനെ നടപ്പാക്കും എന്ന് നിരീക്ഷിക്കുകയും ചെയ്യുമെന്നും അൽ മിദ്ഫ കൂട്ടിച്ചേർത്തു.







0 comments