Deshabhimani

ദുബായിൽ പണപ്പെരുപ്പം 5.5 ശതമാനമായി; ഭക്ഷ്യവിലയിലും ഗതാഗതച്ചെലവിലും വർധന

inflation
വെബ് ഡെസ്ക്

Published on Nov 19, 2026, 07:32 AM | 1 min read

ദുബായ്: ഭക്ഷ്യവസ്തുക്കളുടെയും ഗതാഗതത്തിന്റെയും വില വർധിച്ചതോടെ ദുബായിലെ വാർഷിക പണപ്പെരുപ്പ നിരക്ക് ഒക്ടോബറിൽ 5.5 ശതമാനമായി ഉയർന്നു. സെപ്തംബറിൽ ഇത് അഞ്ചു ശതമാനമായിരുന്നു. എമിറേറ്റ്സ് എൻബിഡി റിസർച്ചിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


ഒക്ടോബറിൽ ഉപഭോക്തൃവിലയിൽ മുൻമാസത്തെ അപേക്ഷിച്ച് 1.1 ശതമാനം വർധനയുണ്ടായി. സെപ്തംബറിൽ 0.05 ശതമാനം നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വിലക്കയറ്റം വീണ്ടും ശക്തമായത്.


ഗതാഗത മേഖലയിലാണ് ഏറ്റവും കൂടുതൽ വിലവർധനയുണ്ടായത്. ഈ വിഭാഗത്തിൽ വാർഷിക വർധന 19.3 ശതമാനമായി. സെപ്തംബറിൽ ഇത് 14.7 ശതമാനമായിരുന്നു. പെട്രോൾ വില വർധിച്ചതിനെത്തുടർന്ന് ഒക്ടോബറിൽ ഗതാഗതച്ചെലവ് പ്രതിമാസം 6.3 ശതമാനം ഉയർന്നു. ഇന്ധനങ്ങളുടെയും ലൂബ്രിക്കന്റുകളുടെയും വിലയിൽ വാർഷികാടിസ്ഥാനത്തിൽ 53.2 ശതമാനം വർധനയുണ്ടായി.


ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വിലയിൽ വാർഷിക വർധന 9.1 ശതമാനമായി. സെപ്തംബറിൽ ഇത് എട്ട് ശതമാനമായിരുന്നു. 2010 ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിത്. 2026ന്റെ തുടക്കത്തിൽ ഭക്ഷ്യവിലയിലെ വർധന 0.9 ശതമാനം മാത്രമായിരുന്നു.


അതേസമയം, താമസസൗകര്യവും അനുബന്ധ സേവനങ്ങളും ഉൾപ്പെടുന്ന വിഭാഗത്തിലെ പണപ്പെരുപ്പം സെപ്തംബറിലെ 6.2 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ 5.8 ശതമാനമായി കുറഞ്ഞു. ആഗോള വിപണിയിൽ എണ്ണവില കുറയുന്നത് തുടർന്നാൽ വർഷാവസാനത്തോടെ വിലക്കയറ്റ സമ്മർദം കുറയുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. 2027ൽ പണപ്പെരുപ്പ നിരക്ക് താഴുമെന്നാണ് പ്രവചനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home