കുവൈത്തിൽ തൊഴിലാളികൾ 30 ലക്ഷം കടന്നു; വിദേശ തൊഴിലാളികളിൽ മുന്നിൽ ഇന്ത്യക്കാർ

കുവൈത്ത് സിറ്റി : കുവൈത്തിലെ ആകെ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ ജൂൺ അവസാനം 30,44,773 ആയി ഉയർന്നതായി റിപ്പോർട്ട്. 2025 ജൂണിൽ ഇത് 29,86,525 ആയിരുന്നു. ഒരുവർഷത്തിനിടെ 58,248 പേരുടെ വർധന രേഖപ്പെടുത്തി. രണ്ടുശതമാനമാണ് വാർഷിക വളർച്ചയെന്നും കേന്ദ്ര സ്ഥിതിവിവര ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
മൊത്തം തൊഴിലാളികളിൽ 58.5 ശതമാനം സ്വകാര്യ മേഖലയിലാണ്. ഗാർഹിക തൊഴിൽ മേഖലയിൽ 25.7 ശതമാനവും സർക്കാർ മേഖലയിൽ 15.8 ശതമാനവും ജോലിചെയ്യുന്നു. സ്വദേശികളായ തൊഴിലാളികളുടെ എണ്ണം 3.9 ശതമാനം കുറഞ്ഞ് 4,31,385 ആയി. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയുള്ള കണക്കിൽ വിദേശ തൊഴിലാളികളുടെ എണ്ണം 2.9 ശതമാനം വർധിച്ച് 18.3 ലക്ഷത്തോളമായി.
വിദേശ തൊഴിലാളികളിൽ ഇന്ത്യക്കാരാണ് മുന്നിൽ. ഗാർഹിക തൊഴിൽ ഒഴികെയുള്ള മേഖലകളിൽ 5,73,285 ഇന്ത്യക്കാർ ജോലി ചെയ്യുന്നു. ഗാർഹിക തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയാൽ ഇന്ത്യക്കാരുടെ എണ്ണം 8,78,688 ആയി ഉയരും. സർവകലാശാല ബിരുദമോ ബിരുദാനന്തര യോഗ്യതയോ ഉള്ള സ്വദേശി തൊഴിലാളികളുടെ എണ്ണം 55 ശതമാനത്തിൽനിന്ന് 56.4 ശതമാനമായി ഉയർന്നു. സർക്കാർ, സ്വകാര്യ മേഖലകളിലെ ശരാശരി മാസവേതനം സ്വദേശികൾക്ക് 1603 ദിനാറും വിദേശികൾക്ക് 356 ദിനാറുമാണ്.








0 comments