വായുമലിനീകരണത്തിനെതിരെ കർശന നടപടിയുമായി ഡൽഹി; 25000ത്തിലധികം വാഹനങ്ങൾക്ക് പിഴ

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടികളുമായി അധികൃതർ. നവംബർ ആദ്യ പകുതിയിൽ മാത്രം സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത 25,610 വാഹനങ്ങൾക്ക് പിഴ ചുമത്തിയതായും, ബി.എസ്-6 നിലവാരമില്ലാത്ത 30,742 വാഹനങ്ങളെ നഗര അതിർത്തികളിൽ നിന്ന് തിരിച്ചയച്ചതായും അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്നായി ആകെ 5.42 കോടി രൂപയാണ് പിഴയായി ഈടാക്കിയത്.
മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥർ ഈ കണക്കുകൾ അവതരിപ്പിച്ചത്. നവംബർ ഒന്നിനും 17നും ഇടയിൽ സി.എൻ.ജി, ഇലക്ട്രിക് വാഹനങ്ങൾ ഒഴികെയുള്ള, ബി.എസ്-6 നിലവാരത്തിന് താഴെയുള്ള 1,81,548 ഇതര സംസ്ഥാന വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ 30,742 വാഹനങ്ങൾ തിരിച്ചയക്കുകയും 2,817 വാഹനങ്ങൾക്ക് ചലാൻ നൽകുകയും 189 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അംഗീകൃത വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന 709 അനധികൃതവും മലിനീകരണമുണ്ടാക്കുന്നതുമായ യൂണിറ്റുകൾ അടച്ചുപൂട്ടി. അംഗീകാരമില്ലാത്ത മേഖലകളിലെ 11,415 യൂണിറ്റുകളിൽ നടത്തിയ സർവേയിൽ 1,762 എണ്ണം വായുമലിനീകരണവും 684 എണ്ണം ജലമലിനീകരണവും ഉണ്ടാക്കുന്നതായി കണ്ടെത്തി. ആകെ 2,446 യൂണിറ്റുകളാണ് അടച്ചുപൂട്ടുകയോ സീൽ ചെയ്യുകയോ ചെയ്തത്.
നവംബർ ഒന്നിനും 17നും ഇടയിൽ 8,874 നിർമ്മാണ-പൊളിക്കൽ സൈറ്റുകളിൽ നടത്തിയ പരിശോധനയിൽ 554 ഇടങ്ങളിൽ നിയമലംഘനം കണ്ടെത്തി. 112 സൈറ്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിടുകയും 462 ഇടങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. 2.65 കോടിയിലധികം രൂപ പരിസ്ഥിതി നഷ്ടപരിഹാരമായി ചുമത്തി. നിർമ്മാണ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ നിയന്ത്രിക്കുന്നതിനായി ഗ്രീൻ നെറ്റുകളും ബാരിക്കേഡുകളും ഉടൻ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
റോഡുകൾ വൃത്തിയാക്കുന്നതിനായി 70 പുതിയ യന്ത്രങ്ങൾ കൂടി ഉടൻ നിരത്തിലിറക്കും. മുൻവർഷത്തെ അപേക്ഷിച്ച് ആന്റി-സ്മോഗ് ഗണ്ണുകളുടെ എണ്ണം 376-ൽ നിന്ന് 437 ആയും, വാട്ടർ സ്പ്രിംഗ്ളറുകൾ 271-ൽ നിന്ന് 296 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. രാത്രി 7 മണിക്കും 11 മണിക്കും ഇടയിൽ ആന്റി-സ്മോഗ് ഗണ്ണുകളും മിസ്റ്റ്-സ്പ്രേയിംഗ് സംവിധാനങ്ങളും കൃത്യമായി പ്രവർത്തിപ്പിക്കാൻ ഡൽഹി മെട്രോയ്ക്കും നിർദ്ദേശം നൽകി.








0 comments