വർണാഭം ഒമാൻ ദേശീയദിനം

മസ്‌കത്ത് : വർണാഭമായ പരിപാടികളോടെ ദേശീയ ദിനം ആഘോഷിച്ച് ഒമാൻ. മസ്‌കത്ത് വത്തയ്യയിലെ റോയൽ ഒമാൻ പൊലീസ് സ്റ്റേഡിയത്തിൽ നടന്ന സൈനിക പരേഡിൽ സുപ്രീം കമാൻഡർ കൂടിയായ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് മുഖ്യാതിഥിയായി. ഒമാൻ ആർമി, വ്യോമസേന, നാവികസേന, റോയൽ ഗാർഡ്, സുൽത്താന്റെ സ്‌പെഷ്യൽ ഫോഴ്‌സ്, ഒമാൻ പൊലീസ് എന്നിവയെ പ്രതിനിധീകരിച്ച് പരേഡുകൾ നടന്നു. സംയുക്ത സൈനിക ബാൻഡ് സംഗീതപ്രകടനത്തോടെ മാർച്ച് നടത്തി. പരേഡ് ഗ്രൗണ്ടിന് മുകളിൽ യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും വ്യോമാഭ്യാസ പ്രകടനവും നടന്നു. പരേഡിനെ സുൽത്താൻ അഭിവാദ്യം ചെയ്തു.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, റോയൽ ഓഫീസ് തലവനും ലെഫ്റ്റനന്റ് ജനറലുമായ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, സുൽത്താന്റെ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുള്ള ബിൻ ഖാമിസ് അൽ റൈസി, അൽ ബുസൈദി രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സുൽത്താന്റെ സായുധ സേനകളുടെയും മറ്റ് സൈനിക-സുരക്ഷാ ഏജൻസികളുടെയും കമാൻഡർമാർ, സഹോദര സൗഹൃദ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, സ്റ്റേറ്റ് കൗൺസിലിലെ അംഗങ്ങൾ, ഷൂറ കൗൺസിലിലെ അംഗങ്ങൾ, അണ്ടർസെക്രട്ടറിമാർ, വിമുക്ത ഭടന്മാർ തുടങ്ങിയവരോടൊപ്പം പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
കരിമരുന്നുപ്രയോഗം, ലേസർ പ്രദർശനങ്ങൾ, നാവികാഭ്യാസം, സാഹസിക വിനോദങ്ങൾ തുടങ്ങി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. മന്ത്രാലയങ്ങളും സർക്കാർ കാര്യാലയങ്ങളും നഗരവീഥികളും വർണമഹോരമായി പ്രകാശ സജ്ജീകരണങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ഒമാൻ വിഷൻ 2040 മുൻനിർത്തി സമസ്ത മേഖലകളിലുമുള്ള രാജ്യപുരോഗതി വിളംബരം ചെയ്യുന്ന പ്രമേയങ്ങൾ ഉൾക്കൊള്ളിച്ചാണ് ആഘോഷങ്ങളും അലങ്കാരങ്ങളും ഒരുക്കിയത്. 1740 കളിൽ പോർച്ചുഗീസ് അധിനിവേശം അവസാനിപ്പിച്ച് അൽ ബുസൈദി രാജവംശത്തിന്റെ അധികാരം സ്ഥാപിച്ചതിന്റെ സ്മരണ ദിനമായിട്ടാണ് ദേശീയ ദിനം ആചരിച്ചത്.









0 comments