ഒമാൻ ഇന്ത്യൻ സ്‌കൂൾ ചലച്ചിത്രോത്സവത്തിന് സമാപനം

മസ്‌കത്ത് : ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് എല്ലാവർഷവും കുട്ടികൾക്കായി നടത്തി വരുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇന്ത്യൻ സ്കൂൾ ദാർസൈറ്റിൽ സമാപിച്ചു. 20 ഇന്ത്യൻ സ്കൂളുകൾ പങ്കെടുത്ത മേളയിൽ സംവിധായകൻ കമൽ മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെയും അധ്യാപകരുടേയും ഹ്രസ്വചിത്രങ്ങൾ, റീൽസ്, സുരക്ഷിത, അവബോധ വീഡിയോകൾ, പരസ്യചിത്രങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികളുടെ ലഘു സിനിമകൾ ഇങ്ങനെ വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടന്നു. ഒമാനിലെ ചലച്ചിത്ര പ്രവർത്തകർ മേളയിൽ വിധികർത്താക്കളായെത്തി. ആടുജീവിതം സിനിമയിൽ വില്ലൻ വേഷത്തിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ ഒമാനി നടൻ താലിബ് അൽ ബലൂഷി ചടങ്ങിൽ പ്രധാന അതിഥിയായിരുന്നു.
ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ മേളയിൽ പങ്കെടുത്തു. മേളയിലെ ഓവറോൾ കിരീടം ഇന്ത്യൻ സ്‌കൂൾ സൂർ കരസ്ഥമാക്കി. മികച്ച നടൻ- ഇന്ത്യൻ സ്കൂൾ ദാർസൈറ്റ്, മികച്ച നടി, മികച്ച ഹ്രസ്വചിത്രം എന്നീ ഇനങ്ങളിൽ ഇന്ത്യൻ സ്കൂൾ വാദികബീർ എന്നിവർ അവാർഡുകൾ നേടി. പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടും നിറക്കൂട്ടുകൾ കൊണ്ടും ലോക സിനിമയെ അടയാളപ്പെടുത്തുന്ന നിരവധി മാതൃകകൾ കൊണ്ട് അലങ്കരിച്ച് കുട്ടികൾ ചലച്ചിത്രോത്സവ വേദിയെ മനോഹരമാക്കി.

ചലച്ചിത്രോത്സവ വേദിയിൽ ശ്രദ്ധേയമായി 'കമലം ലളിതം' പവലിയൻ
കമലിൻറെ സിനിമകളുടെ പേരുകൾ കോർത്തിണക്കി ദാർസൈറ്റ് ഇന്ത്യൻ സ്കൂളിലെ മലയാളവിഭാഗം മേധാവി കലാസിദ്ധാർത്ഥൻറെ നേതൃത്വത്തിൽ കമലിനായി 'കമലം ലളിതം' എന്ന പേരിൽ ഒരു പവലിയൻ നിർമ്മിച്ച് ആദരവ് അർപ്പിച്ചു. മലയാള വിഭാഗത്തിനും ഇന്ത്യൻ സ്കൂൾ മേധാവികൾക്കും തമൽ സ്നേഹവും നന്ദിയും അറിയിച്ചു.











0 comments