മതനിരപേക്ഷതയുടെ കനൽ കെട്ടുപോകാതെ കാക്കണം: ജോൺ ബ്രിട്ടാസ്

മസ്‌കത്ത് : കേരളമെന്ന മതനിരപേക്ഷതയുടെ കനൽ കെട്ടുപോകാതെ കാക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ജോൺ ബ്രിട്ടാസ് എംപി. ഉത്തരേന്ത്യയിൽ കാണുന്ന ജാതി അടിമത്തം കേരളത്തിലേക്ക് കെട്ടിയിറക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കേരളം ഇങ്ങനെ ആകരുതെന്ന് ശഠിച്ച, നവോത്ഥാന നായകർ പകർന്നുതന്ന പ്രകാശം നമ്മളിൽനിന്ന് കവർന്നെടുക്കപ്പെടുകയാണ്. സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് മതനിരപേക്ഷത സംരക്ഷിക്കാൻ അണിനിരക്കണമെന്നും ജോൺ ബ്രിട്ടാസ് മസ്‌കത്തിൽ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച ശ്രീനാരായണ ഗുരു അനുസ-്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിക്കും മതത്തിനും അതീതമായി ചിന്തിച്ച ഗുരുവിനെ ഹൈന്ദവ സന്ന്യാസിയാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണ്. സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരു തുടങ്ങിയവരെ മതത്തിന്റെ കള്ളിയിലേക്ക് ചുരുക്കി, സങ്കുചിത രാഷ്‌ട്രീയ ധാരയിലേക്ക് സമന്വയിപ്പിക്കാനുള്ള പ്രവർത്തനങ്ങളെ ചെറുക്കണം. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്നും അന്നവും വസ്‌ത്രവും തന്ന് സംരക്ഷിക്കുന്നതാരാണോ അവരാണ് ദൈവമെന്നും ഉദ്ഘോഷിച്ചയാളാണ് ഗുരു. സമകാലിക ഇന്ത്യൻ സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങളിൽ ശ്രീനാരായണ ദർശനങ്ങൾ ഏറ്റവും പ്രസക്തമാണ്. ആശങ്കാജനകമായ നിലയിൽ രാജ്യം സമഗ്രാധിപത്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ, ജനാധിപത്യ അവകാശത്തിനായി തെരുവിലിറങ്ങിയ യുവതയുടെ സർഗാത്മക പ്രതിരോധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
വാദി കബീർ മജാൻ ഹൈറ്റ്സ് ഹാളിൽ നടന്ന പരിപാടിയിൽ കേരള വിങ് കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി. കോ- കൺവീനർ ജഗദീഷ് കീരി, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ സുഹൈൽ ഖാൻ, സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡ് അംഗം നിധീഷ് കുമാർ, ലോക കേരള സഭ അംഗം വിൽസൺ ജോർജ്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് സ്വാഗതവും സാഹിത്യവിഭാഗം സെക്രട്ടറി അഞ്ജലി ബിജു നന്ദിയും പറഞ്ഞു.








0 comments