ഒമ്പതാം ക്ലാസിൽ മികച്ച മാർക്ക്; മകന് 1.62 കോടിയുടെ ബിഎംഡബ്ല്യു കാർ സമ്മാനിച്ച് അച്ഛൻ

കൊൽക്കത്ത: പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയാൽ സമ്മാനമായി എന്തുവേണമെന്നു ചോദിച്ചാൽ കുട്ടികൾക്ക് പല ആഗ്രഹങ്ങളുണ്ടാകും. സൈക്കിളോ മൊബൈൽ ഫോണോ പുതിയൊരു കളിപ്പാട്ടമോ ഒക്കെയാകാം. എന്നാൽ പശ്ചിമ ബംഗാളിലെ ഒമ്പതാം ക്ലാസുകാരനായ മുഹമ്മദ് തൽഹയുടെ ആഗ്രഹം അൽപം വലുതായിരുന്നു. ഒരു ബിഎംഡബ്ല്യു സ്പോർട്സ് കാർ. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ ആഗ്രഹം സാധിച്ചുതരാമെന്ന് അച്ഛൻ വാക്കുകൊടുത്തു. മകൻ നല്ല മാർക്ക് വാങ്ങിയതോടെ വാക്കുപാലിച്ച അച്ഛൻ സമ്മാനിച്ചത് 1.62 കോടി രൂപ വിലവരുന്ന ബിഎംഡബ്ല്യു എം4 കോംപറ്റീഷൻ കാർ.
പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലയിലെ ഗൽസി മേഖലയിലുള്ള പരാജ് ഗ്രാമത്തിലാണ് സംഭവം. വ്യവസായിയായ ഷംസുദ്ദീൻ മിദ്യയാണ് പതിനഞ്ചുകാരനായ മകന് ആഡംബര കാർ സമ്മാനിച്ചത്.
ബിഎംഡബ്ല്യു എം4 കോംപറ്റീഷൻ സ്വന്തമാക്കണമെന്നത് തൽഹയുടെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. അർധവാർഷിക പരീക്ഷയിൽ മികച്ച മാർക്ക് നേടുകയാണെങ്കിൽ കാർ വാങ്ങിനൽകാമെന്ന് അച്ഛൻ ഉറപ്പുനൽകി. പരീക്ഷാഫലം വന്നപ്പോൾ മകൻ വാക്കുപാലിച്ചു. പിന്നാലെ അച്ഛനും വാഗ്ദാനം നിറവേറ്റാൻ തീരുമാനിച്ചു.
മുംബൈയിലെ അന്ധേരിയിലുള്ള ഷോറൂമിൽനിന്നാണ് ഷംസുദ്ദീൻ കാർ വാങ്ങിയത്. അവിടെനിന്ന് കണ്ടെയ്നർ വഴി കാർ പശ്ചിമ ബംഗാളിലെ ഗ്രാമത്തിലെത്തിച്ചു. കാർ ഗ്രാമത്തിലെത്തിയതോടെ കാഴ്ചക്കാരുടെ തിരക്കായി. ഒമ്പതാം ക്ലാസുകാരന് ഇത്രയും വിലയേറിയ കാർ സമ്മാനമായി ലഭിച്ചതാണ് നാട്ടുകാരെ അമ്പരപ്പിച്ചത്.
ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ കരുത്തേറിയ സ്പോർട്സ് കാറുകളിലൊന്നാണ് എം4 കോംപറ്റീഷൻ. 530 ബിഎച്ച്പി കരുത്തുള്ള എൻജിനാണ് വാഹനത്തിലുള്ളത്. കാർ ഓടിത്തുടങ്ങിയാൽ വെറും 3.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗം.
ആഡംബര കാറുകളോടുള്ള ഷംസുദ്ദീന്റെ താൽപര്യവും ചെറുതല്ല. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, വോൾവോ എക്സ്സി90, മെഴ്‌സിഡസ് ബെൻസ് സി ക്ലാസ്, മഹീന്ദ്ര ഥാർ റോക്സ്, ഹ്യുണ്ടായ് അൽകസാർ തുടങ്ങിയ വാഹനങ്ങൾ ഇതിനകം അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. അതിലേക്കാണ് മകനുള്ള സമ്മാനമായി പുതിയ ബിഎംഡബ്ല്യുവും എത്തിയത്.
അച്ഛന്റെ സമ്മാനത്തെക്കുറിച്ചുള്ള വാർത്ത സമൂഹമാധ്യമങ്ങളിലും ചർച്ചയായി. പഠനത്തിലെ മികച്ച പ്രകടനത്തിന് മകനെ അഭിനന്ദിക്കാൻ അച്ഛൻ തിരഞ്ഞെടുത്ത വഴി പലരെയും അമ്പരപ്പിച്ചു. ചിലർ വാക്കുപാലിച്ച അച്ഛനെ അഭിനന്ദിച്ചപ്പോൾ, പതിനഞ്ചുകാരന് ഇത്രയും വിലയേറിയ കാർ സമ്മാനിക്കുന്നതിന്റെ ഔചിത്യത്തെക്കുറിച്ചും ചോദ്യങ്ങളുയർന്നു.








0 comments