നോർക്ക കെയർ പ്രീമിയം വർധന : പ്രവാസി അവകാശ സംരക്ഷണ സദസ്സുമായി കേളി

റിയാദ് : നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി റിയാദ് കേളി കലാസാംസ്‌കാരിക വേദി. നടപടി പുനപരിശോധിച്ച് പ്രവാസികൾക്കും കുടുംബങ്ങൾക്കും താങ്ങാനാകുന്ന നിരക്ക് നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രവാസി സംഘടനകളുടെ പ്രതിനിധികളും സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും പങ്കെടുത്തു.
പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കേണ്ട സർക്കാർ അവരെ കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടരുതെന്ന് സദസ്സ് ആവശ്യപ്പെട്ടു. നാടിന്റെ സമ്പദ്ഘടനയ്‌ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളുടെ ജീവിതസുരക്ഷയും കുടുംബങ്ങളുടെ ക്ഷേമവും സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമാകേണ്ട ഇൻഷുറൻസ് പദ്ധതി, ഉയർന്ന പ്രീമിയം കാരണം അപ്രാപ്യമാകരുത്. പ്രവാസികളുടെ സാമ്പത്തിക ശേഷിയും കുടുംബങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ച് എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ പ്രീമിയം പുനർനിശ്ചയിക്കണം. വിഷയത്തിൽ സർക്കാർ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചെത്തിയവർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
കേളി രക്ഷാധികാരി സമിതിയംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി സദസ്സ് ഉദ്ഘാടനം ചെയ്‌തു. കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, ഒഐസിസി പ്രതിനിധി അബ-്‌ദുള്ള വല്ലാഞ്ചിറ, ലോക കേരള സഭ മുൻ അംഗം ഇബ്രാഹിം സുബ്ഹാൻ, ന്യൂ എയ്ജ് രക്ഷാധികാരി സെക്രട്ടറി മുഹമ്മദ് സാലി, കേളി രക്ഷാധികാരി ആക്‌ടിങ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, രക്ഷാധികാരി സമിതി അംഗം സീബ കൂവോട്, കുടുംബവേദി ട്രഷറർ സീന സെബിൻ, കേളി സാംസ്‌കാരിക വിഭാഗം കൺവീനർ സതീഷ് വളവിൽ എന്നിവർ സംസാരിച്ചു. കേളി സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ആക്‌ടിങ് ട്രഷറർ സിംനേഷ് നന്ദിയും പറഞ്ഞു.








0 comments