യുഎസ് വിസ സ്പോൺസർഷിപ്പ് അവസാനിപ്പിക്കാൻ ഐബിഎം; ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടിയാകും

വാഷിംഗ്ടൺ : അമേരിക്കയിലേക്കുള്ള തൊഴിൽ വിസയും, ഗ്രീൻ കാർഡും സ്പോൺസർ ചെയ്യുന്ന രീതി അവസാനിപ്പിക്കാനൊരുങ്ങി പ്രമുഖ ടെക് കമ്പനിയായ ഐബിഎം. ഈ തീരുമാനം അമേരിക്കയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസി ജീവനക്കാരെയും പ്രത്യേകിച്ച് ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും സാരമായി ബാധിച്ചേക്കും.
ട്രംപ് വിദേശ തൊഴിലാളികൾക്കുള്ള വിസാ നടപടികൾ കർശനമാക്കുന്നതിനിടെയാണ് ഐബിഎമ്മിന്റെ നീക്കം. ഐബിഎം കൺസൾട്ടിങ് വിഭാഗത്തിലെ ഭൂരിഭാഗം തസ്തികകൾക്കും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നൽകില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസവും നൈപുണ്യവുമുള്ള വിദേശ ജീവനക്കാരെ ആശ്രയിക്കുകയായിരുന്നു കമ്പനി. പ്രത്യേകിച്ച് സാങ്കേതിക മേഖലയിൽ നൈപുണ്യ വിദഗ്ധരായ ഇന്ത്യക്കാരെയാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ ഈ കൺസൾട്ടിങ് വിഭാഗത്തിലെ തൊഴിൽ പങ്കാളിത്തം വർഷങ്ങളായി കുറഞ്ഞുവരികയാണ്. നൈപുണ്യമുള്ള തൊഴിലാളികളുടെ ലഭ്യത കുറയുന്നതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങളിലും മാറ്റമുണ്ടായെന്ന് കമ്പനി വിശദീകരിച്ചു.
പുതിയ തീരുമാനമ ബാധിക്കുന്ന ജീവനക്കാർക്ക് അമേരിക്കയ്ക്ക് പുറത്തുള്ള ഐബിഎം ഓഫീസുകളിൽ ജോലി തുടരുകയോ വർഷാവസാനത്തോടെ കമ്പനി വിടുകയോ ചെയ്യാം. മാനേജർമാർക്ക് കൈമാറിയ ആഭ്യന്തര രേഖയിൽ കമ്പനി ഇക്കാര്യം വ്യക്തമാക്കിയതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എത്ര ജീവനക്കാരെയും, ഏതെല്ലാം തസ്തികകളെയും ഈ തീരുമാനം ബാധിക്കുമെന്ന് വ്യക്തമല്ല.
ഐബിഎമ്മിന്റെ കൺസൾട്ടിങ് വിഭാഗത്തിൽ 1.5 ലക്ഷത്തിലധികം ജീവനക്കാരുണ്ട്. അതിനാൽ, ഈ വിഭാഗത്തിലെ ഭൂരിഭാഗം തസ്തികകളിലും സ്പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതോടെ പ്രവാസി ജീവനക്കാർക്ക് വലിയ പ്രതിസന്ധിയാകും.
അമേരിക്കക്കാരല്ലാത്ത വിദഗ്ധ തൊഴിലാളികളെ നിയമിക്കുന്നതിൽ ടെക് കമ്പനികൾക്കുമേൽ ട്രംപ് ഭരണകൂടം സമ്മർദം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി എച്ച്-1ബി വിസ പദ്ധതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനൊപ്പം പുതിയ അപേക്ഷകൾക്ക് ഉയർന്ന ഫീസ് ഏർപ്പെടുത്താനുള്ള നീക്കവും ട്രംപ് നടത്തിയിരുന്നു. പുതിയ എച്ച്-1ബി അപേക്ഷകൾക്ക് ഒറ്റത്തവണ ഒരു ലക്ഷം ഡോളർ ഫീസ് വരെ പ്രഖ്യാപിച്ചിരുന്നു.
മൈക്രോസോഫ്റ്റ്, അഡോബി, കോഗ്നിസന്റ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ കമ്പനികളെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിൽനിന്ന് അമേരിക്കൻ തൊഴിൽവകുപ്പ് സസ്പെൻഡ് ചെയ്തത് കഴിഞ്ഞ മാസമാണ്. പ്രവാസി ജീവനക്കാർക്ക് ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്നതിനുള്ള പ്രധാന ഘട്ടമാണ് പെർമ് സർട്ടിഫിക്കേഷൻ.
അമേരിക്കൻ പൗരത്വ-കുടിയേറ്റ സേവന വിഭാഗത്തിന്റെ (USCIS) കണക്കുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ഐബിഎമ്മിന്റെ 1,611 എച്ച്-1ബി അപേക്ഷകൾക്കാണ് അനുമതി ലഭിച്ചത്. 2025 സാമ്പത്തിക വർഷത്തിൽ ഇത് 2,045 ആയിരുന്നു. 2024ൽ ഏകദേശം 3,000 പേർക്ക് അനുമതി ലഭിച്ചിരുന്നു.
പ്രവാസികളായ വിദഗ്ധ തൊഴിലാളികളെ വൻ തോതിൽ അമേരിക്കൻ ഐടി മേഖല ആശ്രയിച്ചിരുന്നു. എന്നാൽ, ഐടി മേഖലയിലെ തൊഴിൽനയങ്ങൾ മാറുന്നതിന്റെ സൂചന നൽകുന്നതാണ് ഐബിഎമ്മിന്റെ തീരുമാനം. അമേരിക്കയിൽ തൊഴിൽ തേടുന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും ഈ വിസ നിയന്ത്രണങ്ങൾ തിരിച്ചടിയായേക്കും.








0 comments