കുവൈത്ത് സഹകരണ സംഘങ്ങളിൽ പുതിയ നിയന്ത്രണം; 70 വയസ്സിന് മുകളിലുള്ള ജീവനക്കാരെ ഒഴിവാക്കും

കുവൈത്ത് സിറ്റി : കുവൈത്തിലെ സഹകരണ സംഘങ്ങളിലും സഹകരണ യൂണിയനുകളിലും ജോലി ചെയ്യുന്ന 70 വയസ്സും അതിൽ കൂടുതലും പ്രായമുള്ള ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാൻ സാമൂഹിക മന്ത്രാലയം നിർദേശം നൽകി. ഇതുസംബന്ധിച്ച സർക്കുലർ രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങൾക്കും സഹകരണ യൂണിയനുകൾക്കും കൈമാറി. സർക്കുലർ പ്രകാരം 70 വയസ്സിന് മുകളിലുള്ള ജീവനക്കാരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അവരുടെ സേവനം അവസാനിപ്പിക്കണം. സർവീസ് അവസാനിപ്പിക്കുന്ന ജീവനക്കാർക്ക് നിയമപ്രകാരം ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും പൂർണമായി നൽകണമെന്നും വ്യക്തമാക്കി.
സഹകരണ മേഖലയിലെ ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കാനും തൊഴിൽ സംവിധാനത്തിൽ പ്രായപരിധി സംബന്ധിച്ച ചട്ടങ്ങൾ കർശനമായി നടപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം. രാജ്യത്തെ വിവിധ സഹകരണ സംഘങ്ങളിലും സഹകരണ യൂണിയനുകളിലുമായി ജോലി ചെയ്യുന്ന 70 വയസ്സിന് മുകളിലുള്ള 70ൽ അധികം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പുതിയ നിർദേശം നടപ്പാകുന്നതോടെ ഒഴിവാകുന്ന തസ്തികകളിൽ ആവശ്യാനുസരണം പുതിയ നിയമനം നടത്താനും സഹകരണ സംഘങ്ങൾ നടപടി ആരംഭിക്കുമെന്നാണ് സൂചന.










0 comments