കുവൈത്തിലെ ഇന്ത്യൻ കോൺസുലർ സേവനം; ജൂലൈ ഒന്നുമുതൽ ഡ്യൂഡിജിറ്റൽ സേവനദാതാവ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന സേവനദാതാവിൽ മാറ്റം വരുത്തിയതായി ഇന്ത്യൻ എംബസി. ജൂലൈ ഒന്നുമുതൽ ഡ്യൂഡിജിറ്റൽ ഗ്ലോബൽ ലിമിറ്റഡ് പുതിയ സേവനദാതാവായി ചുമതലയേൽക്കും. അന്നുമുതൽ സമർപ്പിക്കുന്ന എല്ലാ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവന അപേക്ഷകളും ഡ്യൂഡിജിറ്റൽ ഗ്ലോബൽ നടത്തുന്ന ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങൾ വഴിയായിരിക്കും സ്വീകരിക്കുക. നിലവിലെ സേവനദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന്റെ കരാർ 30ന് അവസാനിക്കുമെന്നും എംബസി വ്യക്തമാക്കി.
കുവൈത്ത് സിറ്റിയിലെ അൽ ജവഹറ ടവർ, ഫഹാഹീലിലെ സമ മാൾ, ദജീജിലെ വഹ മാൾ, ജഹ്റയിലെ അൽ മനാർ മാൾ എന്നിവിടങ്ങളിലാണ് പുതിയ ഇന്ത്യൻ കോൺസുലർ അപേക്ഷാകേന്ദ്രങ്ങൾ പ്രവർത്തിക്കുക. അപേക്ഷകർക്ക് കൂടുതൽ സൗകര്യപ്രദമായും കുറഞ്ഞ യാത്രാസമയത്തിനുള്ളിലും സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ മേഖലകളിലായി കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നതെന്ന് ഡ്യൂഡിജിറ്റൽ ഗ്ലോബൽ അറിയിച്ചു. പാസ്‌പോർട്ട് അപേക്ഷയും പുതുക്കലും വിസ സംബന്ധമായ സേവനങ്ങൾ, അറ്റസ്റ്റേഷൻ, ഒസിഐ സേവനങ്ങൾ, മറ്റ് കോൺസുലർ സേവനങ്ങൾ എന്നിവ ഇന്ത്യൻ എംബസിക്കുവേണ്ടി ഈ കേന്ദ്രങ്ങൾ മുഖേന ലഭ്യമാക്കും. അപേക്ഷകർ ആവശ്യമായ രേഖകളുമായി അതത് കേന്ദ്രങ്ങളെ സമീപിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.










0 comments