നവോദയ വോളിബോൾ ടൂർണമെന്റ് നാളെ

ദമ്മാം : നവോദയ സാംസ്‌കാരിക വേദി ദമ്മാം റീജണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് വെള്ളിയാഴ്ച നടക്കും. റാക്ക യമാമ യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടുമുതലാണ് മത്സരം. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽനിന്ന് എട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വിജയികൾക്ക് ട്രോഫിയും ആകർഷകമായ സമ്മാനങ്ങളും നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവോദയ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്‌ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
പ്രവാസികളിൽ വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും കായികക്ഷമതയുള്ള സമൂഹത്തെ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് വിവിധ പരിപാടികളുണ്ട്. ഖോബാർ സ്‌പോർട് സിറ്റിയിൽ യോഗ പരിശീലനവും സൂംബ, കളരിപ്പയറ്റ് ക്ലാസും അതേദിവസം നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മീഡിയ ഫോറം ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, ദമ്മാം റീജണൽ സെക്രട്ടറി നൗഫൽ വെളിയംകോട്, കേന്ദ്ര സ്‌പോർട്സ് ചെയർമാൻ ഉണ്ണി എങ്ങണ്ടിയൂർ, ദമ്മാം റീജണൽ സ്‌പോർട്സ് കൺവീനർ സഹീർ ശംസുദ്ധീൻ, ചെയർമാൻ ഷബീർ കിഴിക്കര എന്നിവർ പങ്കെടുത്തു. ഫിസ്‌ചർ പ്രഖ്യാപിച്ചു ദമ്മാം ദമ്മാം തറവാട് റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ടൂർണമെന്റിന്റെ ഫിക്‌സചർ പ്രഖ്യാപിച്ചു. എട്ട് ടീമുകളുടെ ക്യാപ്റ്റന്മാരും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. കാസ്‌ക് ദമ്മാം- അബ്രാക്കോ റിയാദ്, സെവൻ സ്റ്റാർ ദമ്മാം- സക്കാർഗാർ ഖോബാർ, ഖോബാർ സ്‌പൈക്കേഴ്‌സ്–ഇന്ത്യൻ ക്ലബ് ദമ്മാം, നവോദയ സ്‌പൈക്കേഴ്‌സ് ജുബൈൽ–- തമീമി ദമ്മാം എന്നിങ്ങനെയാണ് മത്സരം.
ദമ്മാം റീജണൽ സ്‌പോർട്സ് ചെയർമാൻ ഷബീർ കിഴിക്കര, കൺവീനർ സഹീർ ഷംസ്, നവോദയ കേന്ദ്ര സ്‌പോർട്സ് ചെയർമാൻ ഉണ്ണി ഏങ്ങണ്ടിയൂർ, കാസ്‌ക് പ്രതിനിധികളായ പ്രദീപ് കുമാർ, കെ വി സുരേഷ്, സുരേഷ് എന്നിവർ സംസാരിച്ചു. നവോദയ റീജണൽ സെക്രട്ടറി നൗഫൽ വെളിയംകോട്, കെ പി ബാബു, അനിൽ കുമാർ, വിനയൻ, വിനോദ് ജോസഫ്, ഷാജി മട്ടന്നൂർ, മുസമ്മിൽ, മനോജ് പുത്തൂരാൻ എന്നിവർ പങ്കെടുത്തു.









0 comments