ദേശീയ പേയ്‌മെന്റ്‌സ് സംവിധാനം: ജയ്‌വാൻ കാര്‍ഡുമായി യുഎഇ

ദിലീപ് സി എൻ എൻ
Published on Mar 04, 2025, 05:41 PM | 2 min read
ദുബായ്: രാജ്യത്തെ ആദ്യ ആഭ്യന്തര കാർഡ് സ്‌കീമായ ജയ്‌വാൻ പുറത്തിറക്കി യുഎഇ. സെൻട്രൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സ് (എഇപി) ആണ് കാർഡ് പുറത്തിറക്കിയത്. മാസ്റ്റർകാർഡും വിസ കാർഡും അന്താരാഷ്ട്രതലത്തിൽ വാഗ്‌ദാനം ചെയ്യുന്നതുപോലുള്ള ദേശീയ പേയ്‌മെന്റ് സംവിധാനം ഇനി യുഎഇയ്ക്കും സ്വന്തം.
ഡിജിറ്റൽ ഇടപാട് വികസിപ്പിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഈ സംവിധാനം ഇപ്പോൾ പ്രാദേശികമായും അന്തർദേശീയമായും ഉപയോഗത്തിന് സജ്ജമായിട്ടുണ്ട്. ഓസ്ട്രേലിയയിലെ എഫ്റ്റ്പോസ്, ബ്രസീലിലെ എലോ, ഇന്ത്യയിലെ റുപേ, സൗദി അറേബ്യയിലെ മദാഡ, ബഹ്റൈനിലെ ബെനിഫിറ്റ്, കുവൈത്തിലെ കെനെറ്റ് എന്നിങ്ങനെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സുഗമമാക്കുന്നതിന് സ്വന്തമായി ആഭ്യന്തര സംവിധാനങ്ങൾ പല രാജ്യങ്ങൾക്കുമുണ്ട്. ജയ് വാൻ കാർഡ് വന്നതോടെ യുഎഇയും ആ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി. ആഗോളതലത്തിൽ 200 കോടി കാർഡുകളുമായി ഇത്തരം 90 സ്‌കീം നിലവിലുള്ളതായാണ് കണക്കുകൾ.
ഇന്ന് ഉപയോഗത്തിലുള്ള 2600 കോടി പ്ലാസ്റ്റിക് കാർഡുകളിൽ എട്ടു ശതമാനത്തിൽ താഴെ മാത്രമേ ഈ കാർഡുകൾ വരികയുള്ളൂ. എന്നാൽ, സുരക്ഷ വർധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുന്നതിനുമായി പല രാജ്യങ്ങളും ആഭ്യന്തര പേയ്‌മെന്റ് ശൃംഖലകൾക്ക് മുൻഗണന നൽകുന്നുണ്ട്. വ്യക്തികൾക്കും ബിസിനസുകൾക്കും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പേയ്‌മെന്റ് സാഹചര്യമൊരുക്കുകയെന്നതാണ് ജയ്‌വാൻ ലക്ഷ്യമിടുന്നതതെന്ന് അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സ് അറിയിച്ചു. ഓൺലൈൻ ഇടപാടുകൾ, എടിഎം പിൻവലിക്കലുകൾ, പോയിന്റ് ഓഫ് സെയിൽ പർച്ചേസുകൾ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന ഡെബിറ്റ്, പ്രീപെയ്ഡ്, ക്രെഡിറ്റ് ഉൾപ്പെടെ വ്യത്യസ്ത കാർഡുകൾ പദ്ധതി വാഗ്‌ദാനം ചെയ്യും. യുഎഇ, ജിസിസി രാജ്യങ്ങൾ, തെരഞ്ഞെടുത്ത മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള മോണോ-ബാഡ്ജ് കാർഡ്, ലോകത്തെവിടെയും ഉപയോഗിക്കാവുന്ന കോ-ബാഡ്ജ് കാർഡ് എന്നിവ ലഭ്യമാണ്.
കാർഡിന്റെ ഉപയോഗം കൂടുതൽ വികസിപ്പിക്കുന്നതിന് ഡിസ്‌കവർ, മാസ്റ്റർകാർഡ്, വിസ, യൂണിയൻ പേ തുടങ്ങിയ അന്താരാഷ്ട്ര ശൃംഖലകളുമായി എഇപി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. സാംസങ് വാലറ്റിൽ ജയ്‌വാൻ കാർഡുകൾ പ്രാപ്തമാക്കുന്നതിനായി സാംസങ് ഗൾഫ് ഇലക്‌ട്രോണിക്‌സുമായി കരാറിൽ ഒപ്പുവച്ചു. ഗൂഗിൾ പേ, ആപ്പിൾ പേ എന്നിവയുമായുള്ള സംയോജനവും ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും കരാറുകൾ ഉണ്ടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.










0 comments