കെഎംഎസ്‌ആർഎ പ്രതിഷേധിച്ചു
അബോട്ട് ഹെൽത്ത് കെയർ മാനേജർമാർക്കെതിരെ നടപടിയെടുക്കണം

അബോട്ട് കമ്പനി മാനേജർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരക്കുന്നത്തുള്ള കമ്പനി ഡിപ്പോയ്‌ക്ക് മുന്നിൽ കെഎംഎസ്‌ആർഎ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ സിപിഐ എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്‌ഘാടനംചെയ്യുന്നു
കൊച്ചി
ഔഷധനിർമാണ- വിതരണരംഗത്തെ ബഹുരാഷ്ട്ര കുത്തക കമ്പനിയായ അബോട്ട് ഹെൽത്ത് കെയർ മാനേജർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎംഎസ്‌ആർഎ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്തിരുന്ന ബി മിഥുൻ (26) കമ്പനി മാനേജ്മെന്റിന്റെ അനാവശ്യ സമ്മർദത്തിന്റെ ഇരയായി 15ന് ആത്മഹത്യ ചെയ്‌തിരുന്നു.
മിഥുന്റെ ആത്മഹത്യക്ക് കാരണക്കാരായ മാനേജർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബുധൻ രാവിലെ ആരക്കുന്നത്തുള്ള കമ്പനി ഡിപ്പോയ്‌ക്കുമുന്നിൽ കെഎംഎസ്‌ആർഎ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ സിപിഐ എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്‌ഘാടനം ചെയ്തു. കെഎംഎസ്‌ആർഎ ജില്ലാ പ്രസിഡന്റ് സി ഡിജേഷ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആർ രാമകൃഷ്ണൻ, എം എസ് ഷൈൻ, അനീഷ് പി വർഗീസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എബി പോൾ, ജില്ലാ ട്രഷറർ സി എച്ച് ഹനോഷ്, വി എൻ ഗോപി എന്നിവർ സംസാരിച്ചു.
തൊഴിൽ വൈദഗ്‌ധ്യം വർധിപ്പിക്കാനെന്ന പേരിൽ കമ്പനി ആസ്ഥാനത്തെ അടച്ചിട്ട മുറികളിൽ നടത്തുന്ന സമ്മർദ പരിപാടികൾ തൊഴിലാളികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതാണ്. അമിതമായ കച്ചവടലാഭം കൊയ്യാൻ കൊതിയൂറിയ കോർപറേറ്റ് കൊലപാതകമാണിതെന്നും കെഎംഎസ്‌ആർഎ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.










0 comments