പുഞ്ചക്കൃഷി കുടിശ്ശിക 69.52 കോടി

ആലപ്പുഴ
ജില്ലയിൽ നെൽകർഷകർ വിരിപ്പുകൃഷി തുടങ്ങിയിട്ടും പുഞ്ചക്കൃഷിയിൽ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ഇനിയും പൂർണമായും നൽകിയില്ല. സംസ്ഥാന സർക്കാർ എസ്‌ബിഐ, കനറ ബാങ്കുകളുമായി ഉണ്ടാക്കിയ ലോൺ കൺസോർഷ്യത്തിന്റെ പരിധി 1600 കോടിയിൽ അധികമായതോടെയാണ് നെല്ല് വിലയുടെ വിതരണം വീണ്ടും മുടങ്ങിയത്. ഇതോടെ ബാങ്കുകൾ പുതിയ പിആർഎസ് അപേക്ഷകൾ സ്വീകരിക്കുന്നത് താത്‌ക്കാലികമായി നിർത്തി. മുന്പുനൽകിയ അപേക്ഷകളിൽ മാത്രമാണ് ബാങ്കുകൾ തുടർനടപടികൾ സ്വീകരിക്കുന്നത്. സംഭരണവിലയിൽ കേന്ദ്ര സര്‍ക്കാര്‍ 90 കോടി സപ്ലൈകോയ്‌ക്ക് കഴിഞ്ഞദിവസം നൽകിയിരുന്നു. ഇതും തീർന്നു. പ്രതിസന്ധിയായിട്ടും സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. നിലവിൽ 69.52 കോടി രൂപയാണ് ജില്ലയിൽ കർഷകർക്ക് നൽകേണ്ട കുടിശ്ശിക. ബാങ്കുകളിൽനിന്ന് പണം കിട്ടാത്തവർ കടംവാങ്ങിയും നഷ്‌ടംസഹിച്ചുമാണ് വിരിപ്പുകൃഷിക്ക് നിലം ഒരുക്കുന്നത്. ജില്ലയിൽ 25,562 കർഷകരിൽനിന്ന് 105,319.45 മെട്രിക് ടൺ നെല്ലാണ് സർക്കാർ സംഭരിച്ചത്. 5341 കർഷകർക്ക് തുക നൽകാനുണ്ട്. 1300 കർഷകർ ഇതുവരെ ലോണിന് അപേക്ഷിച്ചിട്ടില്ല. കഴിഞ്ഞയാഴ്‌ച വില വിതരണം ആരംഭിച്ച ബാങ്കുകൾ ആകെ നൽകിയത് 148 കോടി രൂപ മാത്രമാണ്. കനറ ബാങ്ക് ശനിയാഴ്‌ചയും എസ്‌ബിഐ തിങ്കളാഴ്‌ചയും വില നൽകുന്നത് നിർത്തി. നെല്ല് സംഭരിച്ചയിനത്തിൽ സപ്ലൈകോയ്‌ക്ക് കേന്ദ്ര സർക്കാർ 1600 കോടിയും സംസ്ഥാന സർക്കാർ ആയിരം കോടിയും നൽകാനുണ്ട്. ഇതിന്റെ ഒരുവിഹിതം മാത്രം ലഭിച്ചാലെ പുഞ്ചക്കൃഷിയുടെ വില വിതരണം പൂർത്തിയാക്കാൻ സാധിക്കൂ. രാഷ്ട്രീയ പ്രേരിതമായി സപ്ലൈകോ, പാഡി മാർക്കറ്റിങ്, കൃഷി ഉദ്യോഗസ്ഥരെയാകെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയതും സംഭരണ നടപടികൾ അവതാളത്തിലാക്കിയിട്ടുണ്ട്.









0 comments