ad
Deshabhimani

print edition 791.84 കോടി രൂപ വെട്ടി സർക്കാർ; നഗരവികസനത്തിന്‌ സ്‌റ്റോപ് മെമ്മോ

satheesan corporation
avatar
റഷീദ്‌ ആനപ്പുറം

Published on Jul 23, 2026, 01:24 AM | 2 min read

തിരുവനന്തപുരം : നഗര വികസനത്തിന്‌ കോർപറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും എൽഡിഎഫ്‌ സർക്കാർ ബജറ്റിൽ വകയിരുത്തിയ തുകയിൽ വെട്ടിക്കുറച്ച് യുഡിഎഫ്‌ സർക്കാർ. പുതുക്കി അവതരിപ്പിച്ച ബജറ്റിൽ 791.84 കോടിരൂപ വെട്ടിമാറ്റി. പൊതുവിഭാഗം വിഹിതത്തിൽ ആറ്‌ കോർപറേഷനുകളുടെ 569.15 കോടിയും 87 നഗരസഭകളുടെ 222.69 കോടിയുമാണ്‌ കുറച്ചത്‌. ജില്ലാ–ബ്ലോക്ക്‌–ഗ്രാമപഞ്ചായത്തുകൾക്കുള്ള വിഹിതത്തിലും 741.51 കോടിയുടെ കുറവുണ്ട്‌. ഇതോടൊപ്പം, യുഡിഎഫ്‌ അധികാരത്തിലെത്തി മാസം രണ്ടായിട്ടും തദ്ദേശസ്ഥാപനങ്ങൾക്കുള്ള പ്ലാൻഫണ്ടിലെ ആദ്യഗഡുവും നൽകിയില്ല.


 udf


ജനുവരി 29ന്‌ കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 10,189 കോടിയായിരുന്നു. ഇതിൽ കോർപറേഷനുകൾക്ക്‌ 692.04 കോടിയും നഗരസഭകൾക്ക്‌ 599.79 കോടി‍യും വകയിരുത്തി. എന്നാൽ ജൂൺ 19ന്‌ വി ഡി സതീശൻ പുതുക്കിയവതരിപ്പിച്ച ബജറ്റിൽ പദ്ധതി വിഹിതം 8655.45 കോടിയായി. 1533.55 കോടിരൂപയുടെ കുറവ്‌. ഇതോടെ കോർപറേഷനുകളുടെ വിഹിതം 692.04 കോടിയിൽനിന്ന്‌ 122.89 കോടിയായും മുനിസിപ്പാലിറ്റികളുടേത്‌ 599.79ൽനിന്ന്‌ 177.10 കോടിയായും വെട്ടിക്കുറച്ചു. തിരുവനന്തപുരം കോർപറേഷനുമാത്രം 170.95 കോടിരൂപയാണ്‌ കുറച്ചത്‌.


കോഴിക്കോട്‌–108.98, കൊച്ചി–109.66, കൊല്ലം–73.47, തൃശൂർ–60.48, കണ്ണൂർ 45.59 എന്നിങ്ങനെയാണ്‌ കുറച്ചത്‌. പതിനാറാം ധനകാര്യ കമീഷൻ ഗ്രാന്റിന്റെ വിഭജനത്തിലെ മാറ്റമാണ്‌ നഗരസഭകളുടെ വിഹിതം കുറയ്‌ക്കാൻ കാരണമെന്നാണ്‌ സർക്കാർ ന്യായം. ധനകാര്യ കമീഷൻ ഗ്രാന്റ്‌ നഗരങ്ങൾക്ക്‌ 85 ശതമാനവും ഗ്രാമങ്ങൾക്ക്‌ 15 ശതമാനവും എന്നതനുസരിച്ച്‌ നഗരസഭകളുടെ വിഹിതം കുറച്ച്‌ ത്രിതല പഞ്ചായത്തുകൾക്ക്‌ കൂടുതൽ നൽകിയെന്നാണ്‌ വാദം. എന്നാലിതും തെറ്റാണ്‌. ആകെ 1533.55 കോടി കുറച്ചതിൽ നഗരസഭകൾക്ക്‌ കുറച്ച 791.84 കോടിരൂപ കഴിച്ചുള്ള ബാക്കി 741.51 കോടിവെട്ടിയത്‌ ത്രിതല പഞ്ചായത്തുകളുടെ വിഹിതത്തിൽ നിന്നാണ്‌.


എസ്‌സി, എസ്‌ടി ഫണ്ടും വെട്ടി


പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഫണ്ടും യുഡിഎഫ്‌ സർക്കാർ വെട്ടിക്കുറച്ചു. പട്ടികജാതി ഫണ്ടിൽ (എസ്‌സിഎസ്‌പി) 236.71 കോടിരൂപയും പട്ടികവർഗ ഫണ്ടിൽ( ടിഎസ്‌പി) 35.‍16 കോടിരൂപയുമാണ്‌ കുറച്ചത്‌. ഫണ്ട്‌ കുറച്ചിട്ടില്ലെന്ന്‌ നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്‌ തെറ്റെന്ന് തെളിയിക്കുന്ന കണക്കാണിത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ബജറ്റിൽ എസ്‌സിഎസ്‌പിക്കുള്ള വികസന ഫണ്ട്‌ 1578 കോടിരൂപയായിരുന്നു. പുതുക്കിയ ബജറ്റിൽ ഇത്‌ 1341.29 കോടിയായി കുറച്ചു. ടിഎസ്‌പി ഫണ്ട്‌ 237 കോടിരൂപയായിരുന്നത്‌ യുഡിഎഫിന്റെ പുതുക്കിയ ബജറ്റിൽ 201.55 കോടിരൂപയായും കുറച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home