print edition 25 കോടി കള്ളപ്പണം ബിജെപി നേതാക്കൾ മുക്കി; വെളിപ്പെടുത്തലുമായി ഓഫീസ് സെക്രട്ടറി

തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിൽ 17 ചാക്കിലായി എത്തിച്ച 25 കോടിരൂപയുടെ കള്ളപ്പണം ചില നേതാക്കൾ മുക്കിയെന്ന് മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്. സംഘടനാ സെക്രട്ടറി കെ പി സുരേഷ്, മുരളി കൊളങ്ങാട്ട്, മുരളിയുടെ ഡ്രൈവർ രാജേഷ് എന്നിവരാണ് പണം കൈകാര്യം ചെയ്‌തതെന്നും അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു. തൃശൂർ ഗാന്ധിനഗറിലുള്ള വാടകവീട്ടിലാണ് പണം എത്തിച്ചത്.
സുരേഷിന്റെ നിർദേശപ്രകാരം മുരളി കൊളങ്ങാട്ടുമൊത്ത് ഇൗ വീട്ടിൽനിന്ന് ഒരു കോടിരൂപ തമിഴ്‌നാട് രജിസ്‌ട്രേഷൻ വണ്ടിയിൽ കയറ്റിവിട്ടു. ഫലപ്രഖ്യാപനത്തിന് രണ്ടുദിവസം മുന്പ് ഇരുവരും രണ്ടു കാറിൽ ഓഫീസിലെത്തി. ഡ്രൈവർ രാജേഷ് 17 ചാക്കിൽ പണം സംഘടനാ സെക്രട്ടറിയുടെ മുറിയിൽ വച്ചു. ഇതിൽ 25 കോടി രൂപയുണ്ടായിരുന്നതായാണ് മനസ്സിലാക്കുന്നത്. പല വണ്ടികളിൽ പല ഘട്ടങ്ങളിലും പണം വന്നിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ കെ അനീഷ്‌കുമാറും സംഘവുമാണ് ഇത് കൈകാര്യം ചെയ്‌തത്.
തെരഞ്ഞെടുപ്പിനുശേഷം ബാക്കിവന്ന പണം ഫലംവരുന്നതിന് തലേന്ന് പുറത്തേക്ക് കൊണ്ടുപോയി. വണ്ടിയുടെ നന്പർ അറിയാം. പണം മുക്കിയത് ആരെല്ലാമാണെന്ന് പിന്നീട് വെളിപ്പെടുത്തും. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിനെ ഇക്കാര്യം അറിയിച്ചപ്പോൾ സംഘടനാ സെക്രട്ടറി നോക്കിക്കൊള്ളും എന്നായിരുന്നു മറുപടി –അക്ഷയ് പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും അക്ഷയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജസ്റ്റിൻ ജേക്കബ് അറിയിച്ചു.









0 comments